കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ എന്ന ചിത്രം ഒരു പൊട്ട സിനിമയാണെന്ന് നടനും സംവിധായകനുമായ മിഷ്കിൻ. കാർത്തിക് സുബ്ബരാജിൻറെ ഏറ്റവും പുതിയ സിനിമയായ ഡൊറോത്തിയുടെ താങ്ക്സ് മീറ്റിലാണ് മിഷ്കിൻ റെട്രോയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ആ സമയം സദസിൽ കാർത്തിക്കുമുണ്ടായിരുന്നു. താൻ തിയറ്ററിൽ പോയികണ്ട ആദ്യ കാർത്തിക് സുബ്ബരാജ് ചിത്രമായിരുന്നു റെട്രോയെന്നും എന്നാൽ സിനിമ നിരാശയാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
റെട്രോയിൽ ഷോട്ടുകൾ കട്ട് ചെയ്യാതെ എന്തൊക്കയോ കാണിച്ചുവെച്ചിട്ടുണ്ടെന്നും അതിലെ സിംഗിൾ ഷോട്ട് ഗാനരംഗമെല്ലാം അറുബോറൻ പരിപാടി ആയിരുന്നെന്നും മിഷ്കിൻ ആരോപിച്ചു. ഇക്കാര്യം താൻ എവിടെ വേണമെങ്കിലും പറയുമെന്നും അതിന് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ അസിസ്റ്റന്റുമാരും സാധാരണ കാർത്തിയുടെ സിനിമകൾ നല്ലതാണെന്ന് പറയാറുണ്ടെന്നും ഡൊറോത്തി കണ്ടപ്പോൾ അത് ശരിയാണെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച ചിത്രമാണ് ഡൊറോത്തിയെന്നും തന്റെ മനസിൽ തട്ടിയെന്നും മിഷ്കിൻ പറഞ്ഞു. താൻ തിയറ്ററിൽ പോകുന്നത് വിനോദത്തിന് വേണ്ടിയല്ലെന്നും മറിച്ച് ദൈവത്തെ ആരാധിക്കാനാണെന്നും പറഞ്ഞ മിഷ്കിൻ ഡൊറോത്തി കണ്ടുകഴിഞ്ഞപ്പോൾ ശരിക്കും ദൈവത്തെ കുമ്പിട്ട് വണങ്ങിയെന്നും വ്യക്തമാക്കി. ഇരുവരും തമ്മിൽ അടുത്തബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
'എനിക്ക് കാർത്തിയെ നേരത്തെ അറിയാമായിരുന്നു. ഞാൻ പിശാശ് എന്ന പടം ചെയ്ത സമയത്ത് ഒരുദിവസം തിയറ്റർ വിസിറ്റിന് ഞാൻ എത്തുമെന്ന് അവൻ എങ്ങനെയോ അറിഞ്ഞു. അപ്പോൾ ഞാൻ വരുന്നതും നോക്കി രാവിലത്തെയും ഉച്ചത്തെയും വൈകുന്നേരത്തെയും ഷോ കഴിഞ്ഞ് അവൻ ആ തിയറ്ററിൽ തന്നെ നിൽക്കുകയായിരുന്നു. ഞാൻ അന്ന് അവനെ പോയി കെട്ടിപിടിച്ചിട്ടുണ്ട്. അങ്ങനെ ഒരു ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ട്. അന്നേ എനിക്ക് മനസിലായി അവൻ സിനിമാമേഖലയിൽ തിളങ്ങുമെന്ന്.'- മിഷ്കിൻ പറഞ്ഞു.