• രമേശ് പിഷാരടിയുടെ 41ാം പിറന്നാളാണിന്ന്.. ഫെയ്സ് ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരം പിഷാരടിക്ക് ജന്മദിനാശംസകൾ അറിയിച്ചത്

നടനും പാലക്കാട് എംഎല്‍എയുമായ രമേശ് പിഷാരടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. രമേശ് പിഷാരടിയുടെ 41ാം പിറന്നാളാണിന്ന്.. ഫെയ്സ് ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് താരം പിഷാരടിക്ക് ജന്മദിനാശംസകൾ അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. കറുത്ത ടീഷര്‍ട്ട് ധരിച്ച രമേശ് പിഷാരടിയും വെള്ള ടീഷര്‍ട്ട് ധരിച്ചുള്ള മമ്മൂട്ടിയുടെയും ചിത്രം ഇതിനോടകംതന്നെ ആരാധകര്‍ ഏറ്റെടുത്തു.  

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള മമ്മൂട്ടിയുടേയും രമേശ് പിഷാരടിയുടെയും സൗഹൃദം കാലങ്ങളായുള്ളതാണ്. ഇരുവരും തമ്മിലുള്ള രസകരമായ മുഹൂര്‍ത്തങ്ങളില്‍ ചിലതെല്ലാം രമേശ് പിഷാരടി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പങ്കുവെക്കാറുമുണ്ട്. തന്‍റെ ഓർമ്മകൾ തുടങ്ങിയ കാലം മുതൽ ഇന്നു വരെ ഒപ്പം ജ്വലിച്ചു നിൽക്കുന്ന സൂര്യനാണ് മമ്മൂട്ടിയെന്നും, വർഷങ്ങൾക്ക് ഇപ്പുറവും അത് അതുപോലെ തുടരുകയാണെന്നും മമ്മൂട്ടിയുടെ ‍‍ജന്‍മദിനത്തില്‍ പിഷാരടി മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. 

തിരഞ്ഞെടുപ്പ് കാലത്ത് രമേശ് പിഷാരടി മമ്മൂട്ടിയെ പാലക്കാട് പ്രചരണത്തിന് കൊണ്ടുവരുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി പിഷാരടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നിരുന്നില്ല. സിനിമാതാരങ്ങളെ ആരെയും കൊണ്ടുവരേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്ന് രമേശ് പിഷാരടി പിന്നീട് വ്യക്തമാക്കിയിരുന്നു. 

മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമ രമേശ് പിഷാരടി സംവിധാനം ചെയ്തിരുന്നു. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി ഇനിയൊരു സിനിമ സംവിധാനം ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സംവിധാനവും അഭിനയവുമൊക്കെ നിർത്തിവെച്ചിട്ടാണ് എംഎല്‍എയായതെന്നും അതുകൊണ്ടുതന്നെ ഇനിയതൊന്നും ഉണ്ടാകില്ലെന്നുമായിരുന്നു പിഷാരടിയുടെ മറുപടി. 

ENGLISH SUMMARY:

Mammootty extended birthday wishes to actor and Palakkad MLA Ramesh Pisharody on his 41st birthday. The megastar shared a heartwarming post on Facebook, accompanied by a photo of himself and Pisharody, which has been well-received by fans.