vijay-son-nagarjuna

സൂപ്പര്‍താരവും തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകനുമായ ജേസൺ സഞ്ജയ്ക്ക് ആശംസകളുമായി മുതിർന്ന തെലുങ്ക് നടൻ നാഗാർജുന അക്കിനേനി. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'സിഗ്മ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു ജേസണ്‍ സഞ്ജയ്. ഈ വേദിയിലായിരുന്നു നാഗാർജുനയുടെ പ്രതികരണം.  തെലുങ്ക് പ്രേക്ഷകർക്കിടയിലുള്ള വിജയ്‌യുടെ ജനപ്രീതിയെക്കുറിച്ച് സംസാരിച്ച നാഗാർജുന അതേ സ്നേഹവും സ്വീകാര്യതയും മകനായ ജേസണും ലഭിക്കുമെന്നും ആളുകള്‍ ഏറ്റെടുക്കുമെന്നും താരം ആശംസിച്ചു. 

'ഞങ്ങളുടെ തെലുങ്ക് പ്രേക്ഷകർ വളരെ വിശാലമനസ്കരാണ്. അച്ഛന്‍റെ എല്ലാ ചിത്രങ്ങളും തെലുങ്ക് സംസ്ഥാനങ്ങളിൽ വലിയ കളക്ഷൻ നേടിയിട്ടുണ്ട്. അവർക്ക് ദളപതി വിജയ്‌യെ വലിയ ഇഷ്ടമാണ്. അതേ സ്നേഹം നിങ്ങൾക്കും നിങ്ങളുടെ 'സിഗ്മ' എന്ന ചിത്രത്തിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'-നാഗാര്‍ജുന പറഞ്ഞു.

നാഗാര്‍ജുനയെ പോലൊരാളില്‍ നിന്ന് ഇത്തരമൊരു പ്രതികരണം ലഭിച്ചത് വലിയ ഭാഗ്യവും അംഗീകാരവുമാണെന്ന് ജേസണ്‍ മറുപടി നല്‍കി. നാഗാര്‍ജുനയ്ക്ക് പുറമേ, മെഗാസ്റ്റാർ ചിരഞ്ജീവിയും ജേസണെക്കുറിച്ച് സംസാരിച്ചിരുന്നു. കരിയറിന്റെ തുടക്കകാലത്തെ വിജയ്‌യെയാണ് ജേസണെ കാണുമ്പോൾ ഓർമ വരുന്നതെന്നായിരുന്നു ചിരഞ്ജീവിയുടെ പ്രതികരണം. 'വിജയ്‌യുടെ ചെറുപ്പത്തെ പോലെ തന്നെയാണ് നിന്നെയും കാണാന്‍ എന്നാല്‍ നീ എന്താണ് അഭിനയം തിരഞ്ഞെടുക്കാത്തത്' എന്നായിരുന്നു ചിരഞ്ജീവിയുടെ ചോദ്യം. എന്നാല്‍ അഭിനയത്തേക്കാള്‍ എഴുത്തിലും സംവിധാനത്തിലുമാണ് തനിക്ക് താല്പര്യമെന്നാണ് ജേസണ്‍ പറഞ്ഞത്. 

ജേസണിലെ സർഗ്ഗാത്മകതയ്ക്ക് പിന്നിൽ പിതാവ് വിജയ് അല്ലെന്നും മറിച്ച് മുത്തശ്ശനും മുത്തശ്ശിയുമാണെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു. പ്രശസ്ത സംവിധായകൻ എസ്.എ. ചന്ദ്രശേഖറും എഴുത്തുകാരി ശോഭയുമാണ് ജേസണിന്റെ മുത്തശ്ശനും മുത്തശ്ശിയും. ഇരുവരുടെയും ഗുണങ്ങൾ ജേസണിന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ ചിരഞ്ജീവി, എസ്.എ. ചന്ദ്രശേഖറിനൊപ്പമുള്ള തന്റെ സിനിമാ അനുഭവങ്ങളും പങ്കുവെച്ചു.

സുന്ദീപ് കിഷൻ 'ഗുരു' എന്ന കഥാപാത്രമായെത്തുന്ന 'സിഗ്മ' ഒരു ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ്. ട്രെഷർ ഹണ്ടറും റേഡിയോ ഹോസ്റ്റുമായ ഗുരുവിന്റെ ജീവിതത്തിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും. 

ENGLISH SUMMARY:

Nagarjuna Akkineni has extended his warm wishes to Jason Sanjay, son of Tamil superstar Vijay, who is making his directorial debut with the upcoming film 'Sigma'. During a promotional television show appearance, Nagarjuna noted that Telugu audiences hold immense affection for Vijay and expressed confidence that they will embrace Jason and his movie with the same love.