'പാച്ചുവും അദ്ഭുതവിളക്കും', ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ മുതലായ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് വിജി വെങ്കിടേഷ്. താരത്തിന്‍റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തല മുണ്ഡനം ചെയ്ത ലുക്കാണ് വിജി വെങ്കിടേഷ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.
കറുത്ത സാരിയും സ്ലീവ്‍ലെസ് ബ്ലൗസും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് വിജി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ‘ഇന്നേക്ക് ഒരാഴ്ചയായിരിക്കുന്നു... ഇഷ്ടമായി വരുന്നുണ്ട്, ഈ രൂപം. മുടിയും അതുപോലെ,’ ചിത്രങ്ങള്‍ പങ്കുവച്ച് വിജി കുറിച്ചു.
ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ രസകരമായ നിരവധി കമന്റുകളുമായി രംഗത്തെത്തി. വിജി വെങ്കിടേഷിന്റെ ഈ പുത്തൻ ലുക്ക് കണ്ട പല ആരാധകരും ഇതിനെ ഉപമിച്ചത് സൂപ്പർഹിറ്റ് ചിത്രം പുഷ്പയിലെ ഫഹദ് ഫാസിലിന്റെ ഭൻവർ സിങ് ഷെഖാവത് എന്ന വില്ലൻ കഥാപാത്രത്തോടാണ്. "പാർട്ടി ഇല്ലേ പുഷ്പാ?" എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗ് അടക്കമാണ് കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്.
ചിലർ ഈ ലുക്കിനെ ഒനീഡ ടിവിയുടെ പരസ്യത്തിലെ കഥാപാത്രത്തോടും ഉപമിക്കുന്നുണ്ട്. എങ്കിലും ഏതു ലുക്കും വിജിക്ക് മനോഹരമായി ഇണങ്ങുമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.