the-paradise

TOPICS COVERED

വമ്പന്‍ പ്രതീക്ഷയോടെ വന്ന് പ്രേക്ഷകപ്രതീക്ഷകളെ കെടുത്തിയിരിക്കുകയാണ് നാനി ചിത്രം 'ദി പാരഡൈസ്'. വമ്പന്‍ ബജറ്റില്‍ മാസ് ആക്ഷന്‍ ത്രില്ലറായി വന്ന ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് പ്രേക്ഷകപ്രതികരണം. ദി പാരഡൈസിന് വന്ന നെഗറ്റീവ് അഭിപ്രായങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് നാനി. ട്രോളുകള്‍ താന്‍ ആസ്വദിച്ചുവെന്നും പോരായ്മകളില്‍ നിന്നും പലതും പഠിച്ചുവെന്നും നാനി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

'നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും അഭിപ്രായങ്ങളും ഞാൻ കണ്ടു. നിങ്ങൾ നൽകിയ സ്നേഹം മുഴുവൻ എനിക്ക് ലഭിച്ചു. അതുപോലെ തന്നെ നിങ്ങളുടെ രസകരമായ ട്രോളുകളും ഞാൻ ആസ്വദിച്ചു. പ്രേക്ഷകർ ഈ സിനിമയെ സ്വന്തം സിനിമയായി ഏറ്റെടുത്തതിൽ എന്റെ ഹൃദയം നിറഞ്ഞു. വിമർശകരും റിവ്യൂ ചെയ്യുന്നവരും ചൂണ്ടിക്കാട്ടിയ പോരായ്മകളിൽനിന്നും ഞാൻ പലതും പഠിച്ചു.

എല്ലാത്തിനും നന്ദി എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. രക്തവും വിയര്‍പ്പുമൊഴിക്കിയാണ് ദി പാരഡൈസ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയത്. ഒരു വ്യത്യസ്തമായ അനുഭവം നൽകുക എന്നതായിരുന്നു ലക്ഷ്യം. ഇനി അത് നിങ്ങളുടേതാണ്, ആഘോഷിക്കാം വിലയിരുത്താം. സിനിമയോടുള്ള നിങ്ങളുടെ ആവേശവും എന്നോട് കാണിച്ച സ്നേഹവും കണ്ട് മനസ് നിറഞ്ഞു,' നാനിയുടെ വാക്കുകള്‍. 

'ദസറ'യ്​ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിച്ച ചിത്രം വമ്പന്‍ പ്രതീക്ഷകളോടെയാണ് തിയേറ്ററില്‍ എത്തിയത്. എന്നാല്‍ ആദ്യദിവസത്തില്‍ തന്നെ ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നായിരുന്നു പ്രേക്ഷക പ്രതികരണം. മുന്‍പ് തെന്നിന്ത്യയില്‍ ഇറങ്ങിയ പല മാസ് ചിത്രങ്ങളേയും അനുകരിക്കാനാണ് ചിത്രം ശ്രമിക്കുന്നത്. പുതുതായി ഒന്നുമില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്ന ചിത്രത്തില്‍ നാനിയുടെ മികച്ച പ്രകടനം ആശ്വാസമായി എന്നും അഭിപ്രായങ്ങളുണ്ട്.

ENGLISH SUMMARY:

Telugu superstar Nani has officially responded to the mixed and negative audience reviews regarding his latest release, 'The Paradise'. Directed by Srikanth Odela, the high-budget mass action thriller failed to live up to the massive theatrical expectations following their previous blockbuster collaboration, 'Dasara'. Taking to social media, Nani expressed gratitude to fans, stating that he thoroughly enjoyed the trolls and took the constructive criticism as a valuable learning opportunity. He emphasized that the team poured their blood and sweat into creating a unique cinematic experience, while fully accepting the audience's right to critique the film.