അന്തരിച്ച നടി സാവിത്രി ശ്രീധരന്‍റെ ഓര്‍മകള്‍ പങ്കുവെച്ച് സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടൻ സാമുവൽ റോബിൻസൺ. തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ച് വിഡിയോയിലൂടെയാണ് സാമുവൽ സാവിത്രിയമ്മയെ അനുസ്മരിക്കുന്നത്.
സാവിത്രി അമ്മയുടെ വിയോഗവാർത്ത കഴിഞ്ഞദിവസമാണ് അറിഞ്ഞതെന്നും വാർത്ത കേട്ട് ആകെ തകർന്നുപോയതുകൊണ്ടാണ് അന്നുതന്നെ പ്രതികരിക്കാതിരുന്നതെന്നും സാമുവല്‍ പറഞ്ഞു. സാവിത്രി മികച്ച വ്യക്തിയും അതുല്യയായ അഭിനേത്രിയുമായിരുന്നു. അവർ ഇപ്പോൾ സ്വര്‍ഗത്തിലെ മാലാഖയാണെന്നും സാമുവല്‍ പറയുന്നു.
'ഈ നിമിഷത്തില്‍ ഞാന്‍ സാവിത്രിയമ്മയെ ഓര്‍ക്കുകയാണ്. സാവിത്രിയമ്മ വളരെ നല്ലൊരു അഭിനേത്രിയാണ്. സുഡാനിയിലാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത്. 2017ല്‍ ആണ് ഞങ്ങള്‍ക്ക് സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നത്. ആ സമയത്ത് എനിക്ക് ഒട്ടും മലയാളം അറിയില്ലായിരുന്നു. അവര്‍ക്ക് ഇംഗ്ലീഷും അത്രവശമില്ല. എന്നിരുന്നാലും എന്നും ലൊക്കേഷനിലെത്തിയാല്‍ സാവിത്രിയമ്മ എന്നോട് ആഹാരം കഴിച്ചോയെന്ന് ചോദിക്കും. കഴിച്ചില്ലെന്ന് പറഞ്ഞാല്‍ ആരോടെങ്കിലും പറഞ്ഞ് എനിക്ക് ആഹാരം എത്തിക്കും.
സുഡാനി ഫ്രം നൈജീരിയയിലെ കഥാപാത്രം എങ്ങനെയാണോ അതുപോലെതന്നെയാണ് ജീവിതത്തിലും സാവിത്രിയമ്മ. അവരുടെ മരണവാര്‍ത്തയറിഞ്ഞ് എന്‍റെ ഹൃദയം തകര്‍ന്നു. ഈ ലോകത്തിന് തന്നെ നഷ്ടമാണ് അവരുടെ വിയോഗം. എന്നാലും ജീവിതം അതിന്‍റെ പൂര്‍ണതയില്‍ ജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. സാവിത്രിയമ്മ ഇപ്പോള്‍ സ്വര്‍ഗത്തിലെ മാലാഖയാണ്. അവരുടെ ലെഗസി കാലമെത്ര കഴിഞ്ഞാലും മായില്ല,'- സാമുവൽ റോബിൻസൺ പറഞ്ഞു.