താന്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിമിലെ ഇന്‍റിമേറ്റ് രംഗങ്ങള്‍ ലീക്കായതിന് പിന്നാലെ നേരിട്ട ദുരനുഭവങ്ങളെ പറ്റി തുറന്നുപറഞ്ഞ് നടി രാധിക ആപ്തേ. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു രാജ്യാന്തര പ്രൊജക്റ്റിലെ രംഗങ്ങളായിരുന്നു ചോര്‍ന്നതെന്നും ചിത്രം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ആ ഭാഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നുവെന്നും രാധിക പറഞ്ഞു. ദൃശ്യങ്ങൾ ചോർന്നതോടെ ദിവസങ്ങളോളം വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിപ്പോയെന്ന് രാധിക ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘ആ ക്ലിപ്പ് പുറത്തുവന്നപ്പോൾ ഞാൻ ശരിക്കും ഭയന്നുപോയി. നാല് ദിവസത്തോളം എനിക്ക് വീടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ പറ്റിയില്ല. ഒറ്റയ്ക്കായിരുന്നു ആ സമയത്ത് ഫ്ലാറ്റിൽ താമസം. കാണുന്ന ആളുകൾ പ്രകോപിതരായി എന്റെ വീട്ടിലേക്ക് വരുമോ എന്ന പേടിയായിരുന്നു മനസ്സിൽ. ഇത്തരം കാര്യങ്ങളുടെ ആഘാതം വളരെ വേഗത്തിൽ നമ്മുടെ വ്യക്തിജീവിതത്തെയും വീടിനെയും ബാധിച്ചേക്കാം. ആർക്കെങ്കിലും അതുകണ്ട് അനിഷ്ടം തോന്നിയാൽ അവർ നിങ്ങളുടെ വീടിനു മുന്നിലെത്തി ഡോർബെൽ അടിക്കാൻ സാധ്യതയുണ്ട്.
എന്റെ സ്‌റ്റൈലിസ്റ്റിന്റെ ഡ്രൈവർ ആ വിഡിയോ ക്ലിപ്പ് വീണ്ടും വീണ്ടും കാണുകയും, 'നിങ്ങൾ അവളുടെ വീട്ടിലേക്കാണോ പോകുന്നത്?' എന്ന് അവരോട് ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്ത കാര്യം എനിക്കോർമ്മയുണ്ട്. എന്റെ ഫ്ലാറ്റിലെ വാച്ച്മാൻ പോലും ആ ദൃശ്യങ്ങൾ കണ്ടിട്ടുണ്ടായിരുന്നു. എന്നെ അവർ ആ ചിത്രങ്ങളുടെ കണ്ണിലൂടെ മാത്രം വിലയിരുത്തുമോ എന്ന ഭയം എന്നെ വല്ലാതെ അസ്വസ്ഥയാക്കി.
ഞാൻ എന്റെ ഡ്രൈവറെയും സ്‌പോട്ട് ദാദയെയും വിളിച്ച് കാര്യം പറഞ്ഞു. ‘ഇങ്ങനെ ഒരു വിഡിയോ ചോർന്നിട്ടുണ്ട്. നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ ഞാൻ അയച്ചു തരാം. അത് കണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ, എന്നെ സംരക്ഷിക്കാൻ തയാറാണെങ്കിൽ മാത്രം എന്റെ കൂടെ ജോലി ചെയ്താൽ മതി. ഇല്ലെങ്കിൽ ഇപ്പോഴത്തെ ശമ്പളവും വാങ്ങി പോകാം’ എന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ അവർ രണ്ടുപേരും എനിക്കൊപ്പം നിൽക്കുമെന്നും എന്നെ നോക്കിക്കൊള്ളാമെന്നും ഉറപ്പു നൽകി.
അഭിനേതാക്കൾ ഒരു സിനിമയ്ക്കായി അനുമതിയോടെ ചെയ്യുന്ന സ്വകാര്യ രംഗങ്ങളും, പിന്നീട് അത് അവരുടെ അനുമതിയില്ലാതെ സൈബർ ഇടങ്ങളിലേക്ക് ചോരുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും രാധിക പറഞ്ഞു. ഒരു പ്രൊഫഷണൽ സെറ്റിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ നിയന്ത്രണമില്ലാതെ പ്രചരിക്കുമ്പോൾ അത് ഒരു വ്യക്തിയുടെ സ്വകാര്യതയെയും വീടിന്റെ സുരക്ഷയെയും എങ്ങനെയെല്ലാം ബാധിക്കുമെന്നതിന്റെ അനുഭവമാണ് തനിക്കുണ്ടായതെന്നും അവര്‍ കൂട്ടിച്ചേർത്തു.