TAGS

വിവിധ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം അഭിപ്രായപ്രകടനം നടത്താറുള്ള ബോളിവുഡ് താരവും നടിയുമായ തനിഷ മുഖർജി പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിവാഹിതരായ പുരുഷന്മാരുമായി പ്രണയബന്ധത്തിലേർപ്പെടുന്ന സ്ത്രീകളെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരം ബന്ധങ്ങളിലുള്ള സ്ത്രീകൾ ഫെമിനിസ്റ്റുകളല്ലെന്നും, മറ്റ് സ്ത്രീകൾക്ക് തന്നെ എതിരായി പ്രവർത്തിക്കുന്ന ദുഷ്ടരാണെന്നുമാണ് തനിഷ കുറിച്ചത്.

'വിവാഹിതനായ ഒരു പുരുഷനുമായി ബന്ധത്തിലാകുന്ന സ്ത്രീകൾ സ്ത്രീകളെ ബഹുമാനിക്കാത്തവരാണ്. അവർ ഒരിക്കലും ഫെമിനിസ്റ്റുകളല്ല, മറിച്ച് മറ്റ് സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്നവരാണ്. ഭാര്യയോടൊപ്പം ജീവിക്കുമ്പോൾ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്ന പുരുഷന്മാരും തെറ്റുകാരാണ്. അവർക്ക് യാതൊരുവിധ സ്വഭാവശുദ്ധിയുമില്ല. വിവാഹിതനായ പുരുഷന് പിന്നാലെ പോകുന്ന സ്ത്രീകൾ ദുഷ്ടരാണെന്നും, അങ്ങനെയുള്ളവർ ഒരിക്കലും നമ്മുടെ കുട്ടികൾക്ക് മാതൃകയല്ലെന്നും തനിഷ വ്യക്തമാക്കി.

തനിഷയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. മറ്റൊരാളുടെ കുടുംബജീവിതം തകർക്കുന്നവർ സ്വന്തം സ്ത്രീത്വത്തെ തന്നെയാണ് അപമാനിക്കുന്നതെന്ന തരത്തിൽ നിരവധി ആളുകളാണ് താരത്തിന്റെ അഭിപ്രായത്തോട് യോജിച്ച് കമന്റുകൾ കുറിക്കുന്നത്.

അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ ഇന്ത്യയിലെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും തനിഷ സംസാരിച്ചിരുന്നു. ഭാരതീയ സംസ്കാരം എപ്പോഴും സ്ത്രീകളെ ബഹുമാനിച്ചിട്ടുണ്ടെന്നും ശിവ-പാർവതി, കൃഷ്ണ-രാധ സങ്കൽപ്പങ്ങൾ ഇതിന് ഉദാഹരണമാണെന്നും, ബ്രിട്ടീഷ് അധിനിവേശവും ജനസംഖ്യാ വർധനയുമാണ് സമൂഹത്തിൽ കുറ്റകൃത്യങ്ങളും അധഃപതനവും ഉണ്ടാക്കിയതെന്നും താരം അഭിപ്രായപ്പെട്ടിരുന്നു.

ENGLISH SUMMARY:

Bollywood actress Tanishaa Mukerji (sister of Kajol) has sparked a widespread online discussion after criticizing women who engage in romantic relationships with married men. In a social media post, Tanishaa asserted that such women are not feminists and described them as acting against their own gender. She stated that women who pursue married men respect neither womanhood nor other women, and fail to serve as proper role models for children. Additionally, she called out married men involved in extra-marital affairs for their lack of character integrity. Her post has received strong support across social media platforms.