salman-khan-katrina-kaif

താരങ്ങളെ ബോഡിഷേയ്മിങ് ചെയ്ത് വ്യക്തിഹത്യ നടത്തുന്ന വിഷയത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. റിയാലിറ്റി ഷോയായ 'ബിഗ് ബോസ് 20'-ന്റെ  എപ്പിസോഡിലാണ് സൈബർ ബുള്ളിയിങിന് ഇരയാകുന്നവർക്കായി താരം പരസ്യമായി രംഗത്തുവന്നത്.

'ശരീര ഭാരത്തെകുറിച്ചോ, ലുക്കിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ, വയസിനെക്കുറിച്ചോ, അമ്മയാകുന്നതിനെക്കുറിച്ചോ പരിഹസിക്കുന്നത് നിങ്ങളുടെ വളർത്തലിന്റെ ഗുണനിലവാരമാണ് കാണിക്കുന്നത്’ എന്നായിരുന്നു സൽമാന്റെ കടുത്ത വാക്കുകൾ. പരിപാടിയുടെ അവതരണത്തിനിടയിൽ തൊപ്പിയും ജാക്കറ്റും ടി-ഷർട്ടും ഊരിമാറ്റിയ താരം, മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ച് തന്റെ മുഖത്തെ മേക്കപ്പ് തുടച്ചു കളയുകയും ചെയ്തു. 

60 വയസായതിന്റെ പേരിൽ താൻ നേരിടുന്ന പരാമർശങ്ങൾക്കും തടി, തലമുടി മാറ്റം എന്നിവയെക്കുറിച്ചുള്ള പരിഹാസങ്ങൾക്കും സൽമാൻ വേദിയിൽ വച്ച് തന്നെ മറുപടി നൽകി. ‘എനിക്ക് 60 വയസായി, അതെന്റെ യാഥാർഥ്യമാണ്. എല്ലായ്‌പ്പോഴും 'മേംനേ പ്യാർ കിയ' സിനിമയിലെ പഴയ സൽമാൻ ഖാനായി ഇരിക്കാൻ എനിക്ക് കഴിയില്ല. ഇത് തന്നെയാണ് ഞാൻ. ഇപ്പോൾ വന്ന് എന്നെ ട്രോൾ ചെയ്യൂ,’ എന്ന് താരം ലൈവായി വെല്ലുവിളിച്ചു. 

സഹോദരൻ സൊഹൈൽ ഖാൻ, വരുൺ ധവാൻ എന്നിവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും രൂക്ഷമായി വിമർശിച്ചു. പേരെടുത്തു പറഞ്ഞില്ലെങ്കിലും പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയതിന്റെ പേരിൽ കഠിനമായ സൈബർ ആക്രമണം നേരിട്ട പ്രമുഖ നടിയും സുഹൃത്തുമായ കത്രീന കൈഫിനെയും പേരെടുത്ത് പറയാതെ തന്നെ സൽമാൻ പിന്തുണച്ചു. 

‘ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ശരീരത്തിൽ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. അവരത് ആർക്കും മുന്നിലും തെളിയിക്കേണ്ടതില്ല. സിനിമകളിലേക്ക് തിരിച്ചെത്തുമ്പോൾ അവർ വീണ്ടും ഫിറ്റാകും, എന്നാൽ ഇപ്പോൾ അവർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹം. പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത്?’ സൽമാൻ ചോദിക്കുന്നു.

വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അതിലൂടെ മറ്റുള്ളവരെ അധിക്ഷേപിച്ച് പണം സമ്പാദിക്കുന്ന രീതിയെയും സൽമാൻ രൂക്ഷമായി വിമർശിച്ചു. മറ്റുള്ളവരെ പരിഹസിക്കുന്നതിന് മുൻപ് സ്വന്തം ജീവിതത്തിലേക്കും ആരോഗ്യത്തിലേക്കും നോക്കാൻ ഉപദേശിച്ച താരം, റീച്ചുകൾക്കും ലൈക്കുകൾക്കും വേണ്ടി വ്യക്തിഹത്യ നടത്തുന്ന മാനസികാവസ്ഥ തിരുത്തണമെന്നും ഓർമിപ്പിച്ചു.

ENGLISH SUMMARY:

Salman Khan strongly condemned body shaming and personal attacks against celebrities, particularly during a Big Boss 20 episode. He challenged trolls to criticize him for his age and appearance, emphasizing that such behavior reflects poorly on the upbringing of the critics.