നടൻ സൂര്യയുടെ ജീവകാരുണ്യ സംഘടനയായ 'അഗരം ഫൗണ്ടേഷൻ' കൈവരിച്ച അഭിമാനകരമായ നേട്ടത്തെ പ്രശംസിച്ച് ആർ. മാധവൻ. അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽ ഇതുവരെ 51 പേർ ഡോക്ടർമാരായി മാറിയെന്നും 1800ഓളം പേർ എന്‍ജിനീയർമാരായെന്നുമുള്ള വിവരമാണ് മാധവൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്.
തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളായ സൂര്യയുടെയും ആർ. മാധവന്റെയും സൗഹൃദവും പരസ്പരമുള്ള പിന്തുണയും എക്കാലത്തും സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. 2004ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം 'ആയുത എഴുത്തിൽ' ഒന്നിച്ച് അഭിനയിച്ചതുമുതൽ ഇവർ തമ്മിലുള്ള ആത്മബന്ധം ദൃഢമാണ്. ഇപ്പോഴിതാ സൂര്യയുടെ ജീവകാരുണ്യ സംഘടനയായ 'അഗരം ഫൗണ്ടേഷൻ' കൈവരിച്ച അഭിമാനകരമായ ഒരു നേട്ടത്തെ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചുകൊണ്ട് നടൻ മാധവൻ രംഗത്തെത്തിയിരിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസം നേടാൻ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക്, പ്രത്യേകിച്ച് കുടുംബത്തിൽനിന്ന് ആദ്യമായി കോളേജിൽ പോകുന്നവർക്ക് അഗരം ഫൗണ്ടേഷൻ നൽകിവരുന്ന പിന്തുണ വലുതാണ്. സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് എത്തുന്ന വിദ്യാർത്ഥികളെ ഉയരങ്ങളിലാണ് ഈ സംഘടന എത്തിച്ചിട്ടുള്ളത്. ഫൗണ്ടേഷന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽ ഇതുവരെ 51 പേർ ഡോക്ടർമാരായി മാറിയെന്നും 1800ഓളം പേർ എന്‍ജിനീയർമാരായെന്നും മാധവൻ കുറിച്ചു. ഒരു സല്യൂട്ട് ഇമോജിയും കുറിപ്പിനൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള 6000-ത്തിലധികം വിദ്യാർത്ഥികൾക്ക് അഗരം ഫൗണ്ടേഷനിൽ നിന്ന് പ്രയോജനം നൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് സൂര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം 2004-ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം 'ആയുത എഴുത്തിൽ' ഒന്നിച്ച് അഭിനയിച്ചതു മുതൽ ഇരുവരും തമ്മിൽ സൗഹൃദത്തിലാണ്. മാധവന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിൽ (2022) സൂര്യ അതിഥി വേഷത്തിൽ എത്തിയിരുന്നു.