സിനിമാ സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ. സിനിമയിൽ ലഹരിമരുന്ന് ഉപയോഗമോ കടത്തോ ഉൾപ്പെടുന്ന രംഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ നിയമപരമായ മുന്നറിയിപ്പ് സ്ക്രീനിൽ നിർബന്ധമായി രേഖപ്പെടുത്തണമെന്ന് പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
ലഹരിമരുന്ന് ഉപയോഗം, മദ്യപാനം, പുകയില ഉപയോഗം എന്നിവയെ ന്യായീകരിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന തരത്തിലുള്ള രംഗങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അക്രമം ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്ന് സെൻസർ ബോർഡ് ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
Read more: '1200 കോടിക്കുമേല്‍ നേടിയില്ലേ; എന്നിട്ടും ധുരന്ധറിന് ഓസ്കര്‍ എന്‍ട്രി ഇല്ലാത്തതെന്ത്'? മറുപടി ...
നിയമത്തോടുള്ള അവജ്ഞ വളർത്തുന്നതോ കോടതികളെ ഇകഴ്ത്തിക്കാണിക്കുന്നതോ ആയ ദൃശ്യങ്ങളും ഒഴിവാക്കണം. സ്ത്രീകൾക്കെതിരായ പീഡനം ഉൾപ്പെടെയുള്ള അവഹേളനപരമായ രംഗങ്ങൾ പരമാവധി കുറയ്ക്കണമെന്നും പ്രമേയത്തിന് അനിവാര്യമായ സാഹചര്യത്തിൽ മാത്രമേ ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്താവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു.
കുട്ടികളെ അക്രമസംഭവങ്ങളിൽ ഇരകളായോ കുറ്റവാളികളായോ ചിത്രീകരിക്കുന്നതിലും നിയന്ത്രണമുണ്ട്. ശാരീരികമോ മാനസികമോ ആയ പരിമിതികളുള്ളവരെ പരിഹസിക്കുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ രംഗങ്ങളും അനുവദിക്കരുതെന്ന് പുതിയ മാർഗനിർദേശം വ്യക്തമാക്കുന്നു.
ലഹരിമരുന്ന് ഉപയോഗമോ കടത്തോ ഉൾപ്പെടുന്ന രംഗങ്ങളിൽ നിയമപരമായ മുന്നറിയിപ്പ് നിർബന്ധമാക്കുന്നതാണ് പുതിയ നിർദേശങ്ങളിലെ പ്രധാന മാറ്റങ്ങളിലൊന്ന്.