ബോളിവുഡ് താരം കത്രീന കൈഫിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ബോഡി ഷെയ്മിങിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഖുശ്ബു സുന്ദർ. അമ്മയായതിന് ശേഷമുള്ള കത്രീനയുടെ ആദ്യ പൊതുവേദികളിലെ ദൃശ്യങ്ങൾക്കടിയിൽ വന്ന മോശം കമന്റുകൾക്കും അധിക്ഷേപങ്ങൾക്കുമെതിരെയാണ് ഖുശ്ബു പ്രതികരിച്ചത്. 

അംബാനിയുടെ ഗണേശോത്സവ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കത്രീനയുടെ ലുക്ക് ചൂണ്ടിക്കാട്ടിയാണ് ചിലർ സോഷ്യല്‍ മീഡിയയില്‍ അനാവശ്യ വിമർശനങ്ങളും ബോഡി ഷെയ്മിങും നടത്തിയത്. ഇതിനെതിരെ ഇൻസ്റ്റാഗ്രാമിലൂടെയും എക്സിലൂടെയുമായിരുന്നു ഖുശ്ബുവിന്‍റെ പ്രതികരണം. 

'ഒരു പുരുഷൻ പ്രായമാകുമ്പോൾ, അയാള്‍ക്ക് കഷണ്ടി വന്നാലോ കുടവയര്‍ വന്നാല്‍പോലും കൂടുതൽ ആകർഷകനാകുന്നുവെന്ന് സമൂഹം പറയുന്നു. എന്നാൽ ഒരു സ്ത്രീ പ്രായമാകുമ്പോൾ അവരുടെ ഓരോ ചുളിവുകളും ശരീരഭാരവും നരച്ച മുടിയും വലിയൊരു ചർച്ചാവിഷയമായി മാറുന്നു. സ്ത്രീകളുടെ പ്രൈം ടൈം എപ്പോഴാണെന്ന് തീരുമാനിക്കാൻ ഈ സമൂഹത്തിന് എന്ത് അധികാരമാണുള്ളത്?' - ഖുശ്ബു ചോദിക്കുന്നു.

മാതൃത്വവും പ്രസവവും ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പുനർജന്മം പോലെയാണെന്നും ആ സമയത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും ശാരീരിക-മാനസിക മാറ്റങ്ങളും വലുതാണെന്നും അവർ പറഞ്ഞു. എന്നാൽ ഇതൊന്നും മനസിലാക്കാതെ സ്ത്രീകൾക്കെതിരെ നിരന്തരം കുറ്റപ്പെടുത്തലുകൾ നടത്തുന്ന സമൂഹത്തിന്റെ രീതി ലജ്ജാകരമാണെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. മാതൃത്വവും അതുമൂലം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും അനുഭവിച്ച ഒരാളെന്ന നിലയിൽ കത്രീന കടന്നുപോകുന്ന അവസ്ഥകള്‍ തനിക്ക് മനസിലാകുമെന്ന് താരം പറയുന്നു. 

'ശരീരത്തിന്‍റെ പേരില്‍ വിലയിരുത്തപ്പെടുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം. എനിക്ക് ഭാരം കൂടുതലായിരുന്നപ്പോൾ എന്നെ പരിഹസിക്കുകയും മോശമായി ചിത്രീകരിക്കുകപോലും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ശരീരഭാരം കുറച്ചപ്പോള്‍ ഞാൻ ഇന്‍ജക്ഷന്‍ എടുക്കുന്നുണ്ടെന്നാണ് പറയുന്നത്. ആ പറയുന്ന എത്ര പേർ ‌ഇതൊക്കെ വാങ്ങാൻ എനിക്ക് പണം നൽകിയിട്ടുണ്ട്?'-ഖുശ്ബു ചോദിക്കുന്നു. 

സ്ത്രീകള്‍ക്ക് മാര്‍ക്കിടാമെന്ന് ഇവിടെയുള്ള ഒരു നശിച്ച ആണും കരുതണ്ടെന്നും ഖുശ്ബു പറഞ്ഞ‍ു. 

'കത്രീന, നിങ്ങള്‍ അന്നും ഇന്നും എന്നും സുന്ദരിയാണ്.  നിങ്ങളുടെ ശരീരത്തെക്കുറിച്ച് നിങ്ങൾ ആരോടും വിശദീകരണം നൽകേണ്ട. മാതൃത്വത്തെക്കുറിച്ച് നിങ്ങൾ ആരോടും വിശദീകരണം നൽകേണ്ട. ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ ആരോടും വിശദീകരണം നൽകേണ്ട. സൗന്ദര്യം കാണുന്നവരുടെ കണ്ണിലാണ്"– ഖുശ്ബു പറയുന്നു.

ENGLISH SUMMARY:

Actress Khushboo Sundar strongly criticized the body shaming directed at Katrina Kaif on social media following her public appearances after becoming a mother. Khushboo highlighted the double standards society applies to men and women as they age and emphasized that motherhood brings significant physical and emotional changes that should be understood and respected.