Image Credit : Instagram

സമൂഹമാധ്യമത്തില്‍ ഡാന്‍സ് വിഡിയോ പങ്കുവച്ചതിന് പിന്നാലെ നടിയും ബിജെപി നേതാവുമായ ഖുഷ്ബുവിന് രൂക്ഷവിമര്‍ശനം. ഡൽഹിയിൽ വിദ്യാർഥികൾ തല്ലുകൊള്ളുമ്പോൾ ഒരു രാഷ്ട്രീയ നേതാവുകൂടിയായ ഖുഷ്ബുവിനെ ഇങ്ങനെ ആടിപ്പാടി വിഡിയോ പങ്കുവയ്ക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് സോഷ്യല്‍ലോകത്തിന്‍റെ ചോദ്യം. കൊടൈക്കനാലിൽ അവധിയാഘോഷിക്കുന്ന വിഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് ഖുഷ്ബുവിന് നേരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

കഴിഞ്ഞ ദിവസമാണ് കൊടൈക്കനാലില്‍ നിന്നും പകര്‍ത്തിയ ഡാന്‍സ് വിഡിയോ ഖുഷ്ബു സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചത്. മൈക്കൽ മദന കാമ രാജൻ എന്ന ഖുഷ്ബു അഭിനയിച്ച പഴയൊരു ചിത്രത്തിലെ ‘പേര് വച്ചാലും വയ്ക്കാമ പോനാലും’ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവച്ചത്. എന്നാല്‍ വിഡിയോ ശ്രദ്ധനേടിയതോടെ കയ്യടികളെക്കാള്‍ ഏറെ താരത്തിന് ലഭിച്ചത് വിമര്‍ശനമായിരുന്നു.

ഡല്‍ഹി ജന്തര്‍ മന്ദറിന് മുന്നില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പൊലീസിന്‍റെ കൊടിയ മര്‍ദനമേറ്റ് പ്രക്ഷോഭം തുടരുന്ന ഈ സാഹചര്യത്തിലും ഇങ്ങനെ ഒരു വിഡിയോ പങ്കുവയ്ക്കാന്‍ എങ്ങനെ തോന്നി എന്നാണ് ആരാധകരുടെ ചോദ്യം. ഇത്രയും വലിയ പരീക്ഷാ ക്രമക്കേടിനെതിരെ ഒരു വിഭാഗം അവിടെ പ്രതിഷേധിക്കുമ്പോള്‍ അവരെ പിന്തുണച്ചില്ലെങ്കിലും ഇങ്ങനെ ഓരോന്ന് ചെയ്ത് കളിയാക്കരുതെന്നും കമന്‍റുകളുണ്ട്. ഒരു രാഷ്ട്രീയ നേതാവ് കൂടിയായ ഖുഷ്ബുവിന്‍റെ ഭാഗത്ത് നിന്ന് ഈ സാഹചര്യത്തില്‍ തന്നെ ഇത്തരമൊരു ആഘോഷവിഡിയോ പങ്കുവയ്ക്കപ്പെട്ടത് അപലപനീയമാണെന്നും ആരാധകരില്‍ ചിലര്‍ കുറിച്ചു. അതേസമയം ഈ വിമര്‍ശനങ്ങളോട് ഖുഷ്ബു ഇതുവരെ പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY:

Khushbu dance video criticism has erupted online after the actress and BJP leader shared a dance video while students were protesting in Delhi. Netizens are questioning how a political leader like Khushbu could share such an celebratory video during a time of student unrest.