vijay-jason-sanjay-dulquer-salmaan

വിജയ്‌യുടെ മകൻ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങാണ് സോഷ്യല്‍ മീഡിയയില‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിജയ്​യുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ 'സിഗ്മ' നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. സന്ദീപ് കിഷൻ, ഫറിയ അബ്ദുള്ള എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒക്ടോബർ 2-ന് തമിഴ്, തെലുങ്ക് ഭാഷകളിൽ തിയേറ്ററുകളിലെത്തും. പ്രസംഗത്തിനിടെ തന്റെ സിനിമാ യാത്രയിൽ താങ്ങായി നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും അണിയറപ്രവർത്തകർക്കും ജേസൺ സഞ്ജയ് വേദിയിൽ നന്ദി രേഖപ്പെടുത്തി.

'എന്റെ അമ്മയ്ക്ക് നന്ദി, ഇന്ന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന എന്റെ അച്ഛന് നന്ദി, ഒപ്പം എന്റെ പ്രിയപ്പെട്ട സഹോദരി ദിവ്യയ്ക്കും നന്ദി' എന്ന് ജേസൺ വേദിയിൽ പറഞ്ഞു. തനിക്ക് ഏറ്റവും വിശ്വാസമുള്ള വ്യക്തി അമ്മാവൻ സഞ്ജീവാണെന്നും സിനിമാമോഹം ആദ്യം പങ്കുവെച്ചപ്പോൾ പൂർണ്ണ പിന്തുണ നൽകിയത് അദ്ദേഹമാണെന്നും ജേസൺ കൂട്ടിച്ചേർത്തു.

തെലുങ്ക് പ്രമോഷനുകൾക്ക് സഹായിച്ച പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലി, ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയ ദുൽഖർ സൽമാൻ, നടൻ സൂരി എന്നിവർക്കും ജെയ്സൺ പ്രത്യേക നന്ദി അറിയിച്ചു. ദുല്‍ഖര്‍ സല്‍മാനുമായി ഇപ്പോഴും ബന്ധമുണ്ട്. അദ്ദേഹം എന്‍റെയൊരു വെല്‍വിഷറാണ്. സൂരിയുടെ വളർച്ച എല്ലാവർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹത്തോടൊപ്പം ഭാവിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു.

ചിത്രത്തിലെ നായകൻ സന്ദീപ് കിഷൻ തനിക്ക് സഹോദരനെപ്പോലെയാണെന്നും അർഹിച്ച അംഗീകാരം ലഭിക്കാത്ത മികച്ച നടനാണ് അദ്ദേഹമെന്നും ജേസൺ പറഞ്ഞു. നായിക ഫറിയ അബ്ദുള്ള, സമ്പത്ത് രാജ്, രാജു സുന്ദരം, സംഗീത സംവിധായകൻ തമൻ, നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് എന്നിവരുടെയും സേവനങ്ങളെ ജേസണ്‍ പ്രശംസിച്ചു.

ENGLISH SUMMARY:

The audio launch event of Sigma, the directorial debut of actor-politician Vijay's son Jason Sanjay, is drawing significant attention across social media platforms. Starring Sundeep Kishan and Faria Abdullah in lead roles, the film is scheduled for a bilingual release in Tamil and Telugu on October 2. Expressing his gratitude at the event, Jason thanked his family, specifically mentioning his mother, his sister Divya, and his father Vijay—referring to him as the Chief Minister. He also expressed heartfelt appreciation to actor Dulquer Salmaan for launching the film's first single and being a constant well-wisher, as well as director S.S. Rajamouli, actor Soori, lead actor Sundeep Kishan, composer Thaman, and production house Lyca Productions.