ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ആരാധകരുമായി നേരിട്ട് സംവദിച്ച് ബോളിവുഡിന്‍റെ കിങ് ഖാന്‍. എക്സില്‍ AskSRK എന്ന പേരില്‍ നടത്തിയിരുന്ന ഫാന്‍സ് ഇന്‍ററാക്ഷനാണ് ഷാരുഖ് പുനരാരംഭിച്ചത്. ‘ധുരന്ദര്‍’ സിനിമയ്ക്ക് അഭിനന്ദനം ചൊരിഞ്ഞ താരം നിത്യജീവിതത്തിലെ കാര്യങ്ങള്‍ വരെ ആരാധകരുമായി പങ്കുവച്ചു.
ഇന്‍ററാക്ഷനിടെ ഷാരൂഖിനോട് ഒരു ആരാധകൻ ചോദിച്ചു: 'സത്യം പറയൂ, യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന ഏറ്റവും രാജകീയമായ കാര്യം എന്താണ്?'
ഷാരുഖിന്‍റെ മറുപടി ഇതായിരുന്നു. ‘മൂന്ന് കപ്പ് കാപ്പി കുടിക്കുക എന്നത്.’ ഷൂട്ടിങ്ങിന് വൈകിയാൽ പോലും രാവിലെ എഴുന്നേറ്റാലുടന്‍ കട്ടിലിൽ ഇരുന്ന മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് എന്‍റെ ശീലമാണ്. ആരോടെങ്കിലും സംസാരിക്കുന്നതിന് മുൻപ് തന്നെ എനിക്ക് കാപ്പി കിട്ടണം.’ – താരം കൂട്ടിച്ചേർത്തു.
‘കാപ്പികുടി കഴിഞ്ഞ് ഷൂട്ടിംഗ് സെറ്റിൽ എത്തുമ്പോൾ പലപ്പോഴും വൈകിയെത്തിയതിന് വഴക്ക് കേൾക്കേണ്ടി വരുന്നു. അതോടെ ആ രാജകീയ ഭാവങ്ങളെല്ലാം എവിടെയോ പോവുകയും ചെയ്യും.’ ഷാരുഖ് തമാശയായി പറഞ്ഞു.
മറ്റൊരു ആരാധകൻ ഷാരുഖിനോട് ആവശ്യപ്പെട്ടത് അദ്ദേഹത്തിന്‍റെ മുംബൈയിലെ വീടായ 'മന്നത്ത്' വിൽക്കാനാണ്. കാരണം രസകരമായിരുന്നു. ഷാരുഖ് ഇപ്പോൾ ആരാധകരെ അഭിവാദ്യം ചെയ്യാൻ ‘മന്നത്തി’ന്‍റെ ബാല്‍ക്കണിയില്‍ വരാറില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യത്തിനുപിന്നില്‍. വീടിന്‍റെ അറ്റകുറ്റപ്പണി നടന്നു കൊണ്ടിരിക്കുന്നതിനാൽ, ആരാധകർക്ക് താരത്തെ നേരിൽ കാണാൻ കഴിയാത്ത അവസ്ഥയാണ്.
ആരാധകന് മറുപടിയായി ഷാരൂഖ് കുറിച്ചു: ‘അവിടെ പുതിയൊരു ഗാലറി പണിയുകയാണല്ലോ, അതുകൊണ്ട് ഇനി ഞാൻ കൂടുതൽ തിളങ്ങും... പുതിയ ഗാലറിയിൽ നിന്ന്.’ ഏതായാലും ഒരുപാടുകാലത്തിന് ശേഷം ഷാരുഖ് ഖാന്‍ നേരിട്ട് സംസാരിച്ചതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍.