2026ലെ എമ്മി പുരസ്‌കാര വേദിയിൽ ആപ്പിൾ ടിവിക്ക് റെക്കോർഡ് നേട്ടം. ആകെ 28 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. ഇതോടെ ഈ വർഷത്തെ എമ്മിയിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ നേടിയ സ്റ്റുഡിയോയായും സ്ട്രീമിങ് പ്ലാറ്റ്‌ഫോമായും ആപ്പിൾ ടിവി മാറി. ആപ്പിൾ ടിവിയുടെ ഏറ്റവും മികച്ച എമ്മി പ്രകടനമാണ് ഇത്തവണത്തേത്. 15 പരമ്പരകള്‍ക്കായി 89 നാമനിർദേശങ്ങളാണ് ലഭിച്ചത്. വർഷങ്ങളായി ആപ്പിളിന്റെ മുൻനിര ഡ്രാമകളിലൊന്നായ 'Slow Horses'നൊപ്പം 'Widow's Bay', 'Pluribus' തുടങ്ങിയ പുതിയ സീരീസുകളും എത്തിയതോടെയാണ് നെറ്റ്ഫ്ലിക്സിനെയും പ്രൈമിനെയും എച്ചിബിഒയെയും കടത്തിവെട്ടിയത്.
ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയത് കോമഡി സീരീസായ 'Widow's Bay' ആണ്. ഒരു വർഷം ഒരു കോമഡി സീരീസ് നേടുന്ന ഏറ്റവും കൂടുതൽ എമ്മി പുരസ്‌കാരങ്ങളുടെ റെക്കോർഡാണ് വിഡോസ് ബേ സ്വന്തമാക്കിയത്. മികച്ച കോമഡി സീരീസ് ഉൾപ്പെടെ 14 പുരസ്‌കാരങ്ങള്‍. ആപ്പിൾ ടിവിയുടെ ഏറെ പ്രശംസിക്കപ്പെട്ട സീരീസായ 'Slow Horses' മികച്ച ഡ്രാമ സീരീസ് സംവിധാനത്തിനുള്ള പുരസ്‌കാരം നേടി. പ്ലൂരിബസ്, ദി സ്റ്റുഡിയോ, സെവറന്‍സ്, ഷ്രിങ്കിങ്ങ്, മാര്‍ഗോ ഗോട്ട് മണി ട്രബിള്‍സ്, യുവര്‍ ഫ്രണ്ട്സ് ആന്‍ഡ് നൈബേഴ്സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍പെട്ട സീരീസുകളാണ് ആപ്പിള്‍ ടിവിയുടെ കരുത്ത്
മാത്യു റൈസിന്റെ ചരിത്രനേട്ടം
'Widow's Bay' താരം മാത്യു റൈസും ഇത്തവണ ചരിത്രം കുറിച്ചു. വിഡോസ് ബേയിലൂടെ മികച്ച കോമഡി നടനുള്ള പുരസ്‌കാരവും 'The Beast in Me'യിലൂടെ മികച്ച ലിമിറ്റഡ് സീരീസ് നടനുള്ള പുരസ്‌കാരവും റൈസ് സ്വന്തമാക്കി. ആദ്യമായാണ് ഒരുവേദിയില്‍ രണ്ട് വിഭാഗങ്ങളില്‍ മികച്ച നടനുള്ള പുരസ്കാരം ഒരാള്‍തന്നെ സ്വന്തമാക്കുന്നത്. 'The Americans' എന്ന സീരീസിലൂടെ നേരത്തെ എമ്മി നേടിയിട്ടുള്ള റൈസ്, ഡ്രാമ, കോമഡി, ലിമിറ്റഡ് സീരീസ് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലും അഭിനയത്തിനുള്ള എമ്മി നേടുന്ന ആദ്യ നടനായി.