നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിൽ ശ്രീരാമനായി രൺബീർ കപൂർ എത്തുന്നതിനെതിരെ വീണ്ടും വിമർശനം. ഇതിഹാസ പരമ്പരയായ രാമായണത്തിന്‍റെ സൃഷ്ടാവ് രാമാനന്ദ് സാഗറിന്‍റെ കൊച്ചുമകൻ ശിവ് സാഗറാണ് രൺബീറിന്‍റെ കാസ്റ്റിങ്ങിലുള്ള വിയോജിപ്പ് പരസ്യമാക്കിയത്. മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പ്രതിച്ഛായയില്ലാത്ത ഒരു പുതിയ മുഖമായിരുന്നു രാമന്‍റെ വേഷത്തിന് ആവശ്യമെന്ന് ശിവ് സാഗർ പറഞ്ഞു.
'ആനിമൽ' എന്ന ചിത്രത്തിലെ രൺബീറിന്‍റെ പ്രകടനം കണ്ടതിനുശേഷം അദ്ദേഹത്തെ ശ്രീരാമനായി സങ്കൽപ്പിക്കാൻ പ്രയാസമാണെന്ന് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രൺബീറിന്‍റെ അഭിനയശേഷിയെ ചോദ്യം ചെയ്യുകയല്ലെന്നും, നടന്‍റെ പ്രതിച്ഛായയാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഈ ഒരു കാസ്റ്റിങ് ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാ അഭിനേതാക്കളുടെ കാര്യത്തിലും എനിക്ക് സന്തോഷമേയുള്ളൂ. എന്നാൽ വ്യക്തിപരമായി രൺബീർ കപൂറിനെ രാമനായി അംഗീകരിക്കാൻ എനിക്ക് കഴിയില്ല. 'ആനിമൽ' കണ്ടതിനുശേഷം പ്രത്യേകിച്ചും. രാമനെ നോക്കുമ്പോൾ തികച്ചും പുതിയൊരു മുഖം വരണമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്,' ശിവ് സാഗർ പറഞ്ഞു.
ഈ വര്‍ഷം ദീപാവലി റീലീസായി 'രാമായണ' തിയറ്ററുകളിലെത്തും. പാന്‍ ഇന്ത്യന്‍ തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. സായ് പല്ലവി, യഷ്, ലാറ ദത്ത, രവി ദുബെ, അജിങ്ക്യ ദേവ്, കുനാൽ കപൂര്‍, രാകുല്‍ പ്രീത്, സണ്ണി ഡിയോള്‍, വിവേക് ഒബ്റോയ്, അരുൺ ഗോവിൽ എന്നിങ്ങനെ നിരവധി താരങ്ങളാണ് രാമായണയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളികളുടെ പ്രിയതാരം ശോഭനയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.