bethlahem-kudumba-unit

ഇരുന്നൂറ്റിയമ്പത് കോടിയും കടന്ന് ബോക്സ് ഓഫീസിനെ തകർത്ത് മുന്നേറികൊണ്ടിരിക്കുകയാണ് ഗിരീഷ് എഡിയുടെ ബത്​ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളി ജസ്റ്റിനായും മമിത ബൈജു ആഷ്‌ലി ആയും എത്തിയ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. മുപ്പതുകളിലുള്ള ജസ്റ്റിന്റെയും ഇരുപതുകളുടെ തുടക്കത്തിലുള്ള ആഷ്‌ലിയുടെയും പ്രണയമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് പറഞ്ഞുവെക്കുന്നത്. ആർക്കുമൊന്ന് പ്രേമിക്കാൻ തോന്നുമെന്നെല്ലാം സിനിമ കണ്ട പലരും സോഷ്യൽ മീഡിയയിൽ കുറിക്കുമ്പോൾ 'ഇത് ഗ്രൂമിങ് അല്ലേ' എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്. 

ശരിക്കും ജസ്റ്റിൻ ആഷ്‌ലിയോട് ചെയ്തതാണോ ഗ്രൂമിങ്? അത് ട്രൂ ലവ് ആയിരുന്നില്ലേ? പ്രായവ്യത്യാസം ആണോ ഗ്രൂമിങ്? യഥാർഥത്തിൽ എന്താണ് ഗ്രൂമിങ്? തുടങ്ങി ചൂടൻ ചർച്ചകളാണ് ഇപ്പോൾ സൈബറിടങ്ങളിൽ നിറയുന്നത്. 

കുട്ടികളെ അല്ലെങ്കിൽ പ്രായത്തിൽ കുറഞ്ഞവരെ ലൈംഗികമായോ സാമ്പത്തികമായോ മറ്റ് രീതികളിലോ ചൂഷണം ചെയ്യുന്നതിനായി അവരുമായി തെറ്റായ ഉദ്ദേശ്യത്തോടെ സൗഹൃദവും വിശ്വാസവും സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയെയാണ് ഗ്രൂമിങ്. പ്രധാനമായും കുട്ടികളെയാണ് ഇത്തരക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ സ്നേഹവും ശ്രദ്ധയും സമ്മാനങ്ങളും നൽകി ഇരയുടെ വിശ്വാസം പിടിച്ചെടുക്കുകയും പിന്നീട് അത് ചൂഷണത്തിലേക്ക് വഴിതിരിക്കുകയുമാണ് ഗ്രൂമിങ്ങിന്‍റെ  രീതി. അവരവര്‍ക്കാവശ്യമുള്ള ട രീതിയിൽ ആ വ്യക്തിയെ പാകപ്പെടുത്തി എടുക്കാനും ഗ്രൂമിങ്ങിലൂടെ ഇത്തരക്കാർക്ക് കഴിയും. 

ഇരയെ കണ്ടെത്തുന്നതിലൂടെയാണ് ഗ്രൂമിങ്ങിന്‍റെ ആദ്യഘട്ടം ആരംഭിക്കുന്നത്. അതിന് ശേഷം നിരന്തരമായ സംഭാഷണങ്ങളിലൂടെയും പുകഴ്ത്തലുകളിലൂടയും സർപ്രൈസുകൾ നൽകിയെല്ലാം ഇരകളുടെ വിശ്വാസം നേടിയേക്കും. അങ്ങനെ സൗഹൃദം അടുത്ത ഘട്ടത്തിലേക്ക് എത്തിക്കും. 

വിശ്വാസം നേടിയെടുത്തു എന്നറിഞ്ഞാൽ പിന്നെ ഇരയെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകറ്റി ഒറ്റപ്പെടുത്തും. തന്നിൽ മാത്രം ആശ്രയിക്കുന്നവരാക്കി മാറ്റാനും ഇത്തരക്കാർക്ക് അധികം സമയം ആവശ്യമായി വരില്ല. പിന്നെ 'ഇത് നമ്മൾ തമ്മിലുള്ള മാത്രം രഹസ്യമാണ്' എന്ന് പറഞ്ഞ് മറ്റുള്ളവരിൽ നിന്ന് വിവരങ്ങൾ മറച്ചുവെക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ എല്ലാത്തരത്തിലും തന്നിൽ ഇര ആശ്രയിക്കുന്നു എന്നറിഞ്ഞാൽ ശാരീരികമായോ ലൈംഗികമായോ അല്ലാതെയോ ഉള്ള ചൂഷണങ്ങളിലേക്ക് കടക്കും. 

എന്നാൽ നിയമപരമായി പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടും ബഹുമാനത്തോടും കൂടെ ഇഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ടുപോകുന്ന ആരോഗ്യകരമായ ബന്ധമാണ് ഏജ് ഗ്യാപ് റിലേഷൻ. ഏജ് ഗ്യാപ് റിലേഷനിൽ പങ്കാളികൾ തമ്മിൽ സ്വാതന്ത്ര്യവും സുതാര്യതയും തുല്യതയുമുണ്ടായിരിക്കും. ഏത് വഴിയിലൂടെ പോകണം, ഏത് കരിയർ തിരഞ്ഞെടുക്കണം, ഏത് രാജ്യത്ത് താമസിക്കണം, എന്ന് വിവാഹം കഴിക്കണം, ബന്ധം തുടരണോ വേണ്ടയോ തുടങ്ങിയ തീരുമാനങ്ങൾ എല്ലാം സ്വയമെടുക്കാൻ ഇരുവർക്കും പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാൽ ഗ്രൂമിങ്ങിൽ നടക്കുന്നത് അധികാര ദുർവിനിയോഗവും സ്വാർത്ഥപരമായ ചൂഷണവുമാണ്.

അപ്പോൾ ആഷ്‌ലിയും ജസ്റ്റിനും തമ്മിൽ ഉണ്ടായിരുന്നതും ഇതിൽ ഏതാണെന്ന് പ്രേക്ഷകർക്ക് വ്യക്തമായിരിക്കുമല്ലോ. 

ENGLISH SUMMARY:

Bethlehem Family Unit is a Malayalam film that has sparked discussions about grooming versus age-gap relationships. The movie, starring Nivin Pauly and Mamitha Baiju, explores a romance between characters with a significant age difference, leading to debates on social media.