'കോൻ ബനേഗാ ക്രോഡ്പതി' വേദിയിൽ അവതാരകൻ അമിതാഭ് ബച്ചന് മുന്നിൽ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും പങ്കുവെച്ച പഴയകാല പ്രണയ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 2008-ൽ പുറത്തിറങ്ങിയ 'തഷൻ' സിനിമയുടെ ചിത്രീകരണ സമയത്ത് സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിൽ പ്രണയത്തിലായ കാലത്തെ രസകരമായ അനുഭവമാണ് അക്ഷയ് കുമാർ വെളിപ്പെടുത്തിയത്. ചിത്രീകരണത്തിനിടെ ഒരു ദിവസം പുലർച്ചെ കരീനയുടെ മുറിയിൽ നിന്ന് സെയ്ഫ് പുറത്തേക്ക് വരുന്നത് താൻ കണ്ടുവെന്ന അക്ഷയുടെ വെളിപ്പെടുത്തൽ അമിതാഭ് ബച്ചനെയും പ്രേക്ഷകരെയും ഒരേപോലെ പൊട്ടിചിരിപ്പിച്ചു

വേദിയിൽ ഒന്നിച്ചെത്തിയ സെയ്ഫിനോടും അക്ഷയ്​യോടും സെയ്ഫ്-കരീന പ്രണയത്തിന്‍റെ തുടക്കത്തെക്കുറിച്ച് അമിതാഭ് ബച്ചൻ ചോദിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. 'തഷൻ' സിനിമയുടെ സെറ്റിൽ വെച്ചാണോ കരീനയുമായുള്ള പ്രണയം ആരംഭിച്ചതെന്ന ബിഗ് ബിയുടെ ചോദ്യത്തിന് അതെ എന്ന് സെയ്ഫ് മറുപടി നൽകി. തുടർന്ന് സെറ്റിൽ ഒപ്പമുണ്ടായിരുന്ന അക്ഷയ് കുമാറിലേക്ക് അമിതാഭ് ബച്ചൻ ചോദ്യം തിരിച്ചുവിടുകയായിരുന്നു. പുലർച്ചെ 4.30-ന് എഴുന്നേൽക്കുന്ന സ്വഭാവമുള്ള താൻ, തൊട്ടടുത്ത മുറിയിലായിരുന്ന കരീനയുടെ വാതിൽ തുറന്ന് സെയ്ഫ് പുറത്തേക്ക് വരുന്നത് കണ്ടുവെന്നും, കാര്യം തിരക്കിയപ്പോൾ ജോഗിങ്ങിന് പോകാൻ ഇറങ്ങിയതാണെന്ന് സെയ്ഫ് മറുപടി നൽകിയെന്നും അക്ഷയ് തമാശരൂപേണ പറഞ്ഞു.

സെയ്ഫ് അലി ഖാനും അതെ ഞങ്ങൾ ജോഗിങ്ങിന് പോകുകയായിരുന്നു എന്ന് മറുപടി നൽകിയതോടെ വേദി ചിരിയിലാണ്ടു. ഇരുവരുടേയും വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

ENGLISH SUMMARY:

Bollywood actors Akshay Kumar and Saif Ali Khan recently shared nostalgic memories on the sets of Kaun Banega Crorepati hosted by Amitabh Bachchan. During the show, Akshay humorously recalled an incident from the shooting of their 2008 film Tashan, which marked the beginning of Saif and Kareena Kapoor's romance. Akshay revealed that he once saw Saif stepping out of Kareena's room at 4:30 AM, to which Saif playfully claimed he was heading out for a jog. The lighthearted banter between the stars left Amitabh Bachchan and the audience in splits, making the clip go viral on social media.