• പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച് 2016 ല്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഒപ്പത്തിന്‍റെ ഹിന്ദി റീമേക്കാണ് ഹൈവാന്‍

2008 ല്‍ പുറത്തിറങ്ങിയ ടഷന്‍ എന്ന ചിത്രത്തിനു ശേഷം ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിച്ച് അഭിനയിക്കുന്ന ഹൈവാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 18 വര്‍ഷത്തിനു ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ കരിയറില്‍ ഏറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. അന്ധനായി സെയ്ഫ് അലി ഖാന്‍‍ നായകനാകുമ്പോള്‍, സൈക്കോ കില്ലര്‍ വില്ലനായിട്ടാണ് അക്ഷയ് കുമാറിന്‍റെ അവതാരം. നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ മുന്‍പ് അവതരപ്പിച്ചിട്ടുണ്ടെങ്കിലും, ഗ്രേഡ് ഷേഡ് ഇല്ലാത്ത കംപ്ലീറ്റ് വില്ലന്‍ കഥാപാത്രമാണ് താന്‍ ഹൈവാനില്‍ എത്തുന്നതെന്ന് അക്ഷയ് കുമാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അക്ഷയ് കുമാറിന്‍റെ വില്ലന്‍ കഥാപാത്രത്തെ ഹൈലൈറ്റ് ചെയ്താണ് ട്രെയിലറും പുറത്തിറക്കിയിരിക്കുന്നത്.  പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയിലര്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. 

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച് 2016 ല്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഒപ്പത്തിന്‍റെ ഹിന്ദി റീമേക്കാണ് ഹൈവാന്‍. മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ അന്ധനായ ജയരാമന്‍റെ റോള്‍ ഹിന്ദിയില്‍ സെയ്ഫ് അലി ഖാനും സമുദ്രക്കനിയുടെ വാസുവിന്‍റെ റോള്‍ അക്ഷയ് കുമാറുമാണ് അവതരിപ്പിക്കുന്നത്. സായാമി ഖേർ, ശ്രിയ പിൽഗാവ്കർ, ബോമൻ ഇറാനി, ജിഷു സെൻഗുപ്ത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മോഹൻലാലും ഹൈവാനില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. 

കെവിഎൻ പ്രൊഡക്ഷൻസിന്റെയും തെസ്പിയൻ ഫിലിംസിന്റെയും കീഴിൽ വെങ്കട്ട് കെ നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ നിർമിക്കുന്ന ചിത്രം ആഗോള തലത്തിൽ 2026 സെപ്റ്റംബർ 11ന് തിയറ്ററുകളിലെത്തും. ഏറെ നാളുകള്‍ക്കു ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ ഒരുക്കുന്ന കംപ്ലീറ്റ് ത്രില്ലര്‍ ചിത്രംകൂടിയാണ് ഹൈവാന്‍. 

ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടായ സംവിധായകന്‍ പ്രിയദര്‍ശന്‍ – അക്ഷയ് കുമാര്‍ കോംബോ വീണ്ടും ഒന്നിക്കുന്നതിന്‍റെ ത്രില്ലിലാണ് ആരാധകരും. സമീപകാലത്ത് റിലീസ് ചെയ്ത ഭൂത് ബംഗ്ല എന്ന ചിത്രത്തിന്‍റെ വലിയ വിജയത്തിനു ശേഷമാണ് ഹൈവാനുമായി ഇരുവരും എത്തുന്നത്.  ഭൂത് ബംഗ്ലായില്‍ പതിവ് ഹൊറര്‍‌ കോമഡി നമ്പറുകളുമായാണ് കൂട്ടുകെട്ട് വന്നത്. ഹൈവാനില്‍‌ ത്രില്ലറും ഇമോഷന്‍സും ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് പുതിയൊരു കാഴ്ചാനുഭവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ ഹിറ്റ് കൂട്ടുകെട്ട്. 

ENGLISH SUMMARY:

Haiwaan trailer is out, marking the reunion of Akshay Kumar and Saif Ali Khan after 18 years since 'Tashan'. The film, a Hindi remake of the Malayalam hit 'Oppam', features them in contrasting roles: Saif as a blind protagonist and Akshay as a pure villain.