തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തനിക്ക് നേരിടേണ്ടി വന്ന വധശ്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും രാഷ്ട്രീയ നേതാവുമായ ദേവൻ. തൃശ്ശൂർ വടക്കാഞ്ചേരിയിൽ വെച്ച് പ്രചാരണം കഴിഞ്ഞ് അർദ്ധരാത്രി മടങ്ങുമ്പോൾ വടിവാളുമായി നാലംഗ സംഘം ആക്രമിക്കാൻ എത്തിയെന്നും, കളരിപ്പയറ്റ് അറിയാവുന്നതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും താരം വെളിപ്പെടുത്തി. 'മൈൽസ്റ്റോൺ മേക്കേഴ്സിന്' നൽകിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് കാലത്തെ ഞെട്ടിക്കുന്ന സംഭവം അദ്ദേഹം പങ്കുവെച്ചത്.
'ഇലക്‌ഷൻ സമയത്ത് ഒരാക്രമണമുണ്ടായിട്ടുണ്ട്. കളരി അറിയാവുന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്. അവർ എന്നെ വെട്ടാൻ വാളൊക്കെ എടുത്ത് വന്നിരുന്നു, വടക്കാഞ്ചേരിയിൽ വച്ച്. രാത്രി ഒരു 12 മണിയൊക്കെ ആയിട്ടുണ്ട്. ഇലക്‌ഷൻ പ്രചരണം കഴിഞ്ഞതിന്റെ ക്ഷീണത്തിൽ ഞാൻ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്റെ കൂടെയുള്ള പിള്ളേരോട് ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാമെന്ന് പറഞ്ഞു.
കാറിന്റെ മിററിൽ നോക്കുമ്പോൾ പിന്നിൽ രണ്ട് സ്കൂട്ടറിൽ നാല് പേര് ഫോളോ ചെയ്യുന്നത് കണ്ടു. ആദ്യം എനിക്ക് സംശയം ഒന്നും തോന്നിയില്ല. പിന്നെ എനിക്ക് ഫോളോ ചെയ്യുന്നതാണെന്ന് മനസിലായി. അപ്പോൾ ഞാനൊരു സൈഡിൽ വണ്ടി നിർത്തി. അപ്പോൾ അവരും നിർത്തി. എന്നിട്ട് അവരിറങ്ങി. പിന്നിൽ ആയിരുന്നു അവർ വാൾ വച്ചിരുന്നത്. എനിക്ക് മിററിലൂടെ അതൊക്കെ കാണാം. വാൾ എടുത്തിട്ട് അവർ എന്റെ അടുത്തേക്ക് വന്നു. എന്റെ കയ്യിൽ ഒരു സ്റ്റിക്ക് ഉണ്ട്. അതെടുത്ത് ഞാനും വണ്ടിയിൽ നിന്നിറങ്ങി നിന്നു. ഇയാൾ ഇങ്ങനെ ചെയ്യുമെന്ന് അവർ അത് തീരെ പ്രതീക്ഷിച്ചില്ല. സ്ക്രീനിൽ ഹീറോ പരിവേഷമുണ്ടെങ്കിലും റിയൽ ലൈഫിൽ ശക്തമായിട്ടുള്ള ആളുകളുണ്ടോയെന്ന് എനിക്ക് സംശയമാ, അതും നടൻമാരിൽ. പക്ഷേ ഞാനങ്ങനെ ശക്തനായ ഒരാളാണ്.
അതായത് കളരിയെന്ന ശക്തി എന്റെ ഉള്ളിൽ ഉള്ളതു കൊണ്ടാണത്. ഞാൻ സ്റ്റിക്ക് എടുത്ത് ഇറങ്ങി കഴിഞ്ഞ ഉടനെ അവർ വണ്ടിയെടുത്ത് ഓടിപ്പോയി. ഞാൻ പിന്നെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. അവർ എന്റെ പരാതി എടുക്കാൻ തയാറായില്ല. അത് എന്റെ എതിർ പാർട്ടിക്കാർ ചെയ്തതാണെന്ന് അവർക്കും അറിയാമായിരുന്നു. എസ്ഐ എന്നോട് പറഞ്ഞു, ‘ഇതിപ്പോൾ നാളെയും വരും, മറ്റന്നാളും വരും. നിങ്ങളിത് അവസാനിപ്പിച്ച് പോകാൻ വേണ്ടി പേടിപ്പിക്കുന്നതാണ്’എന്ന്. അതാണ് കളരിയുടെ ഗുണം,’ ദേവന്‍ പറഞ്ഞു.