സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ കൊച്ചിയിൽ. പുലിമുരുകനിൽ പുലിയും മുരുകനും തമ്മിലുള്ള ഫൈറ്റിൽ മലയാളികളെ ത്രില്ലടിപ്പിച്ച പീറ്റർ ഹെയ്ൻ ഇക്കുറി കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് വേണ്ടി ആക്ഷൻ ഒരുക്കുന്ന ത്രില്ലിലാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ പീറ്റർ ഹെയ്ൻ ലൊക്കേഷനുകൾ സന്ദർശിച്ചിരുന്നു.
തെന്നിന്ത്യയിൽ നിന്ന് സംഗീത സംവിധായകൻ തമന് പുറമെ പീറ്റർ ഹെയ്ൻ കൂടി എത്തുന്നതോടെ ഒറ്റക്കൊമ്പന്റെ റെയ്ഞ്ച് തന്നെ മാറുമെന്നാണ് കരുതപ്പെടുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ നാാളെ കോട്ടയത്ത് ആരംഭിക്കും. നവാഗതനായ മാത്യൂസ് തോമസാണ് സംവിധാനം. കോട്ടയം, പാലാ, അതിരമ്പുഴ, തിരുവനന്തപുരം, തൃശൂർ എന്നിവയ്ക്ക് പുറമെ ഏതാനും ദിവസം വിദേശത്തും ഒറ്റക്കൊമ്പന് ചിത്രീകരികരണമുണ്ട്. 35 മുതൽ 40 ദിവസത്തിനുള്ളിൽ ഫൈനൽ ഷെഡ്യൂൾ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
സുരേഷ് ഗോപിക്ക് പുറമെ ലാൽ, ഇന്ദ്രജിത്ത്, ലാലു അലക്സ്, ചെമ്പൻ വിനോദ്, വിജയരാഘവൻ , ജോണി ആന്റണി, കബീർ സിങ്, അഭിനയ, മേഘ്ന രാജ്, തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഷിബിൻ ഫ്രാൻസിസ് രചനയും ഷാജി കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്‍റെ സഹനിര്‍മാതാക്കള്‍. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ.