പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാരെന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് . ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന കൊലപാതകവും തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതിയ്ക്കൊപ്പം മാത്യു തോമസും പൊലീസ് വേഷത്തിലെത്തുന്നുണ്ട്.
ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. 'ചിലപ്പോൾ, നീതി സത്യത്തിന് മുകളിൽ നിൽക്കുന്നു..!' എന്ന വാചകത്തോടെയാണ് പാർവതി ചിത്രത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 'യഥാർത്ഥ കുറ്റവാളി ആരാണ്?! സത്യം തേടിയുള്ള അന്വേഷണം തുടങ്ങുന്നു!' എന്നും ചിത്രത്തെ കുറിച്ച് താരം കുറിച്ചു.
പാർവതിയ്ക്കും മാത്യു തോമസിനുമൊപ്പം വിജയരാഘവൻ, സായ് കുമാർ, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സെൻട്രൽ പിക്ചേഴ്സ് ആണ്. സെപ്റ്റംബർ 11ന് ചിത്രം തിയറ്ററുകളിൽ എത്തും.