vinayan-parvathy
  • നിലപാടുകൾ ഭയമില്ലാതെ തുറന്നുപറയുന്നതുകൊണ്ടാണോ മികവുണ്ടായിട്ടും പാർവതി തിരുവോത്ത് മലയാള സിനിമയിൽ തഴയപ്പെടുന്നതെന്ന് സംവിധായകൻ വിനയൻ ചോദിച്ചു.

നടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി സംവിധായകന്‍ വിനയന്‍.  നിർഭയമായി കാര്യങ്ങൾ പറയുന്നത് കൊണ്ടാണോ പാർവതി മലയാള സിനിമയിൽ തഴയപ്പെടുന്നതെന്ന് വിനയന്‍ ചോദിച്ചു. ഹേമക്കമ്മിറ്റി റിപ്പോർട്ട് വന്നതുകൊണ്ടാല്ലേ 25 വർഷം അമ്മയെ നയിച്ച മഹത് നേതൃത്വം സംഘടന ഇട്ടെറിഞ്ഞിട്ട് ഓടിയത്. സുപ്രീംകോടതിയിലെ കേസ് നടന്നിരുന്നെങ്കില്‍ മലയാള സിനിമയിലെ ഇന്നത്തെ ഇക്വേഷൻ‌ തന്നെ മാറിയേനെയെന്നും വിനയന്‍ പറഞ്ഞു.  

Also Read: 'സിനിമയിൽ ശരിക്ക് വേണ്ടി നിലകൊള്ളുമ്പോൾ വില്ലനാക്കുന്നു'

സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ പാര്‍വതി ചോദിച്ച ചോദ്യം ആകര്‍ഷിച്ചു എന്നാണ് വിനയന്‍ പറയുന്നത്. '25 വർഷം സംഘടന ഭരിച്ചവർ ആറുമാസം സംഘടന ഭരിച്ചവരോട് നിങ്ങൾക്കൊന്നും അറിയില്ല എന്നു പറയുന്നത് ശരിയാണോ എന്ന ചോദ്യം പ്രസക്തമാണ്. സത്യത്തിൽ 25 വർഷം തിരുവായ്ക് എതിർവായ് ഇല്ലാതെ അമ്മയെ നയിച്ച മഹത് നേതൃത്വം എന്തിനാണ് സംഘടന ഇട്ടെറിഞ്ഞിട്ട് ഓടിയത്? ഹേമക്കമ്മിറ്റി റിപ്പോർട്ട് വന്ന കൊണ്ടല്ലേ' എന്നാണ് വിനയന്‍ ചോദിക്കുന്നത്. 

സുപ്രീം കോടതിയിൽ പോയി പരാതി പറഞ്ഞ  ചിലരെ കൊണ്ടു തന്നെ പരാതിയില്ല എന്ന ഹർജി കൊടുത്ത് വിധി വാങ്ങിയില്ലായിരുന്നുവെങ്കിൽ മലയാള സിനിമയിലെ ഇന്നത്തെ ഇക്വേഷൻ‌ തന്നെ മാറിയേനെ. മലയാള സിനിമയെ മലീമസമാക്കിയ പവർഗ്രൂപ്പിന്റെ ക്രൂരതാണ്ഡവം ചരിത്ര രേഖയാക്കിയ റിപ്പോർട്ട് പൂർണമായും ഔദ്യോഗികമായി തന്നെ വെളിയിൽ വരുമെന്നു പ്രതീക്ഷിക്കുന്നു എന്നും വിനയന്‍ പറഞ്ഞു. 

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം, 

പാര്‍വതി തിരുവോത്ത്, ഇന്നു മലയാളത്തിലുള്ള മികച്ച നടിമാരിൽ ഒരാളാണ്. അവതരിപ്പിച്ച കഥാപാത്രങ്ങളോട് നീതിപുലർത്തുകയും അതുവഴി പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുള്ള ഒരഭിനേത്രി. തന്റെ നിലപാടുകൾ തുറന്നു പറയുന്ന കാര്യത്തിലും പാർവതി വ്യത്യസ്തയാണ്. അവരുടെ എല്ലാ നിലപാടിലും യോജിച്ചു കൊണ്ടല്ല ഞാൻ പറയുന്നത്. പക്ഷെ നിർഭയമായി ചില കാര്യങ്ങൾ പറയുന്നതു കൊണ്ടാണോ ഇത്രയും കഴിവുണ്ടായിട്ടും പാർവ്വതി മലയാള സിനിമയിൽ പലപ്പോഴും തഴയപ്പെടുന്നത്? സംശയം സ്വാഭാവികമാണ്. അവർ പറയുന്ന ചില അഭിപ്രായത്തോട് വിയോജിപ്പാകാം വിമർശിക്കാം, പക്ഷേ അതിനപ്പുറത്തേക്ക് കാണാനും മാത്രം പാർവ്വതി എന്താണ് തെറ്റ് ചെയ്തത്?

കഴിഞ്ഞ ദിവസം ഏഷ്യാ നെറ്റിൽ പാർവ്വതിയുടെ ഒരു അഭിമുഖം കണ്ടതിനു ശേഷമാണ് ഇങ്ങനൊരു കുറിപ്പ് എഴുതണമെന്നു തോന്നിയത്. കാര്യമാത്രപ്രസക്തവും ഗൗരവബുദ്ധിയോടെ കാണേണ്ടതുമായ അഭിമുഖമായിട്ട് അതു കണ്ടപ്പോൾ എനിക്കു തോന്നി. തങ്ങൾക്കു ഗുണമുള്ളതാണെങ്കിലോ ആർക്കെങ്കിലും സ്തുതി പാടിക്കൊണ്ടുള്ള വാക്കുകളാണെങ്കിലോ അത് ഏറ്റെടുക്കാൻ ഇവിടെ ധാരാളം ആളുണ്ടാകും. അല്ലാത്തതൊക്കെ തമസ്കരിക്കാനോ ചർച്ച ചെയ്യപ്പെടാതിരിക്കാനോ ആണല്ലോ മഹത്തുക്കൾക്കു താല്പര്യം.

ആ അഭിമുഖത്തില്‍ പാർവ്വതി താര സംഘടനയായ അമ്മയോടു ചോദിച്ച ഒരു ചോദ്യമാണ് എന്നെ ഏറെ ആകർഷിച്ചത്. 

“25 വർഷം സംഘടന ഭരിച്ചവർ ആറുമാസം സംഘടന ഭരിച്ചവരോട് നിങ്ങൾക്കൊന്നും അറിയില്ല എന്നു പറയുന്നത് ശരിയാണോ? ആ ചോദ്യം പ്രസക്തമാണ്. സത്യത്തിൽ 25 വർഷം തിരുവായ്ക് എതിർവായ് ഇല്ലാതെ അമ്മയെ നയിച്ച മഹത് നേതൃത്വം എന്തിനാണ് സംഘടന ഇട്ടെറിഞ്ഞിട്ട് ഓടിയത്? ഹേമക്കമ്മിറ്റി റിപ്പോർട്ട് വന്ന കൊണ്ടല്ലേ?

കമ്മിറ്റി അംഗങ്ങളായ ജസ്റ്റീസ് ഹേമയ്കും മുതിർന്ന നടി ശാരദയ്കും ഐ എ എസ് ഓഫീസറായ കെബി വത്സലകുമാരിയ്കും മലയാള സിനിമയിലെ ആരോടും വ്യക്തിപരമായ വിരോധമെന്നും ഉണ്ടന്ന് എനിക്കു തോന്നുന്നില്ല. അവർ നിഷ്പക്ഷമായി തന്നെ ആയിരിക്കാം ആ റിപ്പോർട്ട് എഴുതിയത്. ഹേമക്കമ്മിറ്റി റിപ്പോർട്ടിലെ  അന്നത്തെ സർക്കാർ പൂഴ്ത്തി വച്ച പേജുകളിലെ വിവരം പൂർണ്ണമായിട്ടറിയാവുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയട്ടെ, സുപ്രീം കോടതിയിൽ പോയി പരാതി പറഞ്ഞ  ചിലരെ കൊണ്ടു തന്നെ.. ആ കേസുകൾ അന്വേഷിക്കണ്ട ഞങ്ങൾക്കു പരാതിയില്ല എന്ന ഹർജി കൊടുത്ത് വിധി വാങ്ങിയില്ലായിരുന്നുവെങ്കിൽ മലയാള സിനിമയിലെ ഇന്നത്തെ ഇക്വേഷൻ‌ തന്നെ മാറിയേനെ.  മലയാള സിനിമയെ മലീമസമാക്കിയ ആ പവർഗ്രൂപ്പിന്റെ ക്രൂരതാണ്ഡവം ചരിത്ര രേഖയാക്കിയ ആ റിപ്പോർട്ട് പൂർണ്ണമായും ഔദ്യോഗികമായി തന്നെ വെളിയിൽ വരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

ENGLISH SUMMARY:

Film director Vinayan has publicly extended his support to actress Parvathy Thiruvothu, questioning whether her fearless stance on industry issues has led to her being sidelined in Malayalam cinema. Reacting to a recent interview given by the actress, Vinayan endorsed her critical questions directed at the former leadership of the actors' association AMMA. He raised sharp concerns over why the leadership that ruled the association for 25 years suddenly abandoned their posts following the publication of the Hema Committee report. Furthermore, Vinayan stated that had the power group's actions been fully investigated through the Supreme Court without cases being withdrawn, the current equations in Malayalam cinema would have completely changed.