സിനിമാ തിയേറ്ററുകൾക്കുള്ളിൽ പ്രേക്ഷകർക്ക് ശല്യമുണ്ടാക്കുന്ന വിധത്തിൽ അനാവശ്യ ശബ്ദമുണ്ടാക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ്. 'ടോക്സിക്' തിയേറ്ററിൽ കാണാൻ പോയപ്പോഴുണ്ടായ മോശം അനുഭവം പങ്കുവെച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്.
സിനിമാ തിയേറ്ററിനുള്ളിലെ ലൈംഗിക വൈകൃതമുള്ള ഗുണ്ടകളാണ് എപ്പോഴും സിനിമയുടെ അന്തരീക്ഷവും തിയേറ്ററുകളും നശിപ്പിക്കുന്നതെന്ന് സൗഭാഗ്യ തുറന്നടിച്ചു. ചിത്രം പ്രദർശിപ്പിക്കുന്ന സമയം മുഴുവൻ ഇത്തരം വ്യക്തികൾ അനാവശ്യവും അശ്ലീലവുമായ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എ റേറ്റഡ് രംഗങ്ങളെന്ന് പറയപ്പെടുന്ന സിനിമയിലെ രംഗങ്ങളേക്കാൾ അശ്ലീലവും അസഹ്യവുമാണ് ഇവരുടെ ഇത്തരം ശബ്ദപ്രയോഗങ്ങളെന്നും സൗഭാഗ്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
സൗഭാഗ്യയുടെ പ്രതികരണത്തിന് പിന്നാലെ നിരവധി സിനിമാപ്രേമികളാണ് താരത്തെ പിന്തുണച്ചും സമാനമായ അനുഭവം പങ്കുവെച്ചും രംഗത്തെത്തിയത്. തിയേറ്ററുകളിൽ വന്ന് കുടുംബങ്ങൾക്കും മറ്റ് പ്രേക്ഷകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ചിലർ നടത്തുന്ന അനാവശ്യ കൂവലുകളും മോശം പെരുമാറ്റങ്ങളും തടയാൻ തിയേറ്റർ ഉടമകളും അധികൃതരും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പൊതുയിടത്തിൽ എങ്ങനെ പെരുമാറണമെന്ന് അറിയാത്തവരാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും, തിയേറ്ററിനുള്ളിൽ കാണിക്കുന്ന ഈ സംസ്കാരശൂന്യത ഒരു വലിയ കാര്യമായി കരുതുന്ന പൊതുശല്യങ്ങളാണ് ഇത്തരക്കാരെന്നും വിമര്‍ശനമുയരുന്നു.