നെഗറ്റീവ് റിവ്യൂകള്‍ക്കും പ്രേക്ഷകപ്രതികരണങ്ങളിലും തളരാതെ ബോക്സ് ഓഫീസില്‍ കുതിച്ച് യഷിന്‍റെ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്'. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടി. ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യദിനം ആഗോളതലത്തിൽ 150 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയത്. പ്രമുഖ ട്രേഡ് വെബ്‌സൈറ്റായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 120.75 കോടി രൂപ ഗ്രോസ് ചിത്രം നേടി. ഇന്ത്യയിലുടനീളം 24,579 ഷോകളിൽ നിന്നായി 101.10 കോടി രൂപയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷൻ.
പ്രമുഖ ട്രേഡ് വെബ്‌സൈറ്റായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 120.75 കോടി രൂപ ഗ്രോസും വിദേശ വിപണികളിൽ നിന്ന് 20 കോടി രൂപ ഗ്രോസും ചിത്രം നേടി. ഇന്ത്യയിലുടനീളം 24,579 ഷോകളിൽ നിന്നായി 101.10 കോടി രൂപയാണ് ചിത്രത്തിന്റെ നെറ്റ് കളക്ഷൻ.
ഇന്ത്യൻ ബോക്സ് ഓഫീസിലെ നെറ്റ് കളക്ഷനിൽ 101.10 കോടി സ്വന്തമാക്കിയ ടോക്സിക്, മുൻനിര ചിത്രങ്ങളായ കൽക്കി (95 കോടി), സലാർ (91 കോടി), ആദിപുരുഷ് (87 കോടി), ദേവര (83 കോടി), ജവാൻ (75 കോടി) എന്നിവയുടെ ആദ്യദിന നേട്ടങ്ങളെ പിന്തള്ളി. എന്നിരുന്നാലും പുഷ്പ 2 (164.25 കോടി), ആർ.ആർ.ആർ (133 കോടി), ബാഹുബലി 2 (121 കോടി), കെ.ജി.എഫ് 2 (116 കോടി), ധുരന്ധർ 2 (103 കോടി) എന്നീ ചിത്രങ്ങൾക്ക് പിന്നിൽ ആറാം സ്ഥാനത്താണ് എത്തിയത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടകയിലാണ് ചിത്രം ഏറ്റവും കളക്ഷന്‍ നേടിയത് (30.50 കോടി രൂപ). ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 18.50 കോടി, തമിഴ്‌നാട്ടില്‍ നിന്ന് 6.75 കോടി, കേരളത്തില്‍ നിന്ന് 2.25 കോടി എന്നിങ്ങനെയാണ് കളക്ഷന്‍. കർണാടകയ്ക്ക് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച 62.75 കോടി രൂപയാണ് കളക്ഷന്റെ പകുതിയിലേറെയും നൽകിയത്. മുൻകൂർ ടിക്കറ്റ് ബുക്കിങ്ങിലും വലിയ കുതിപ്പുണ്ടാക്കിയ ചിത്രം ആദ്യദിനത്തിലേക്ക് മാത്രം 10 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കുകയും, ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് 73.43 കോടിയും ആഗോളതലത്തിൽ 85 കോടിയും കടത്തുകയും ചെയ്തിരുന്നു.
കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താരാ സുതാരിയ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സെൻസർ ബോർഡ് കട്ടുകളൊന്നുമില്ലാതെ 'A' സർട്ടിഫിക്കറ്റാണ് നൽകിയത്.