ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന തെലുങ്ക് സൂപ്പർതാരം രവിതേജയുടെ ബിഗ് ബജറ്റ് ചിത്രം 'ഇരുമുടി' വിവാദത്തിൽ. ഗവൺമെന്റ് സ്കൂളുകളെയും അധ്യാപക സമൂഹത്തെയും മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് ആന്ധ്രാപ്രദേശ് ടീച്ചേഴ്‌സ് ഫെഡറേഷൻ (APTF) രംഗത്തെത്തി. സർക്കാരുദ്യോഗസ്ഥരായ അധ്യാപകരെയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ സിനിമയിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും നിർമ്മാതാക്കൾ അധ്യാപക സമൂഹത്തോട് പരസ്യമായി ക്ഷമാപണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. നിലവിൽ കളക്ഷനിൽ മുന്നിൽ നിൽക്കുന്ന തെലുങ്ക് ചിത്രങ്ങളിലൊന്നായ 'ഇരുമുടി'ക്കെതിരെ അധ്യാപകരുടെ പ്രതിഷേധം ശക്തമായത് സിനിമാ മേഖലയിലും വലിയ ചർച്ചയായിട്ടുണ്ട്.
ചിത്രത്തിൽ നടി സ്വാസിക അവതരിപ്പിക്കുന്ന കഥാപാത്രം സര്‍ക്കാര്‍ അധ്യാപികമാരെ അധാർമ്മികമായും അപമാനകരവുമായി ചിത്രീകരിക്കുന്ന രംഗങ്ങൾ പൊതുസമൂഹത്തിന് ഗവൺമെന്റ് സ്കൂളുകളോടും അധ്യാപകരോടുമുള്ള മനോഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്ന് എപിടിഎഫ് സംസ്ഥാന പ്രസിഡന്റ് ചെന്നുപാട്ടി മഞ്ജുള, ജനറൽ സെക്രട്ടറി ബസവലിംഗറാവു എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. അല്ലൂരി സീതാരാമരാജു ജില്ലയിലെ സി ലേരു ജില്ലാ പരിഷത്ത് ഹൈസ്കൂളിന്റെ പേരുവിവരങ്ങളും ബോർഡും സിനിമയിലെ രംഗങ്ങളിൽ വ്യക്തമായി കാണിക്കുന്നുണ്ടെന്നും, കുട്ടികൾ ആന്ധ്രാപ്രദേശിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികളുടെ യൂണിഫോം ധരിച്ചാണ് അഭിനയിച്ചിരിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.
യഥാർത്ഥ സ്ഥാപനങ്ങളുടെ പേരുകൾ ഉപയോഗിച്ച് ഇത്തരത്തിൽ അപകീർത്തികരമായ ദൃശ്യങ്ങൾ നിർമ്മിക്കുന്നത് ഗവൺമെന്റ് വിദ്യാഭ്യാസ വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുമെന്നും സിനിമകൾക്ക് സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുന്നതിനാൽ അണിയറപ്രവർത്തകർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. അപകീർത്തികരമായ രംഗങ്ങൾ നീക്കം ചെയ്യുകയും അണിയറപ്രവർത്തകർ ക്ഷമാപണം നടത്തുകയും ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എപിടിഎഫ് മുന്നറിയിപ്പ് നൽകി.
ഉയർന്നുവന്ന ആരോപണങ്ങളോട് നിർമ്മാതാക്കളോ സംവിധായകനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശിവ നിർവാണ സംവിധാനം ചെയ്ത 'ഇരുമുടി' മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. രവിതേജ, പ്രിയ ഭവാനി ശങ്കർ, ബേബി നക്ഷത്ര, സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.