വിജയിയെയും റണ്ണറപ്പുകളെയും പ്രഖ്യാപിക്കുന്നതോടെ സൗന്ദര്യമല്‍സരങ്ങള്‍ അവസാനിക്കാറാണ് പതിവ്. എന്നിരുന്നാലും വിവാദങ്ങളും പലതരത്തിലുളള വിമര്‍ശനങ്ങളും കാരണം ദിവസങ്ങളോളം ഇത്തരം മല്‍സരങ്ങള്‍ വാര്‍ത്തകളും സൈബറിടത്തും നിറഞ്ഞുനില്‍ക്കും. കഴിഞ്ഞ ദിവസമാണ് മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം മലയാളിയായ കെസിയ ലിസ് മെജോ സ്വന്തമാക്കിയത്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന നേട്ടം കൂടിയാണ് കിരീടത്തിനൊപ്പം സ്വന്തമാക്കിയിരിക്കുന്നത്. എന്നാലിപ്പോഴിതാ മല്‍സരവേദിയില്‍ നടന്ന ചില നാടകീയരംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
ജയ്പൂരിൽ നടന്ന ഫൈനൽ മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വിധികര്‍ത്താക്കളിലൊരാളായ സുസ്മിത സെന്‍ വേദിയിലെത്തിയതിന് ശേഷമുണ്ടായ സംഭവവികാസങ്ങളാണ് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായത്. വേദിയിലേക്ക് കയറിവന്ന സുസ്മിത സെന്‍ നേരെ ചെന്നത് രണ്ടാം സ്ഥാനക്കാരിയായ വൈഷ്ണവി ഗണേഷിനടുത്തേക്കാണ്. തമിഴ്നാട് സ്വദേശിയാണ് വൈഷ്ണവി. വൈഷ്ണവിയോട് ഏറെ സ്നേഹവും അടുപ്പവും കാണിച്ച സുസ്മിത തൊട്ടടുത്ത് നില്‍ക്കുന്ന വിജയിയായ കെസിയയെ വേണ്ടരീതിയില്‍ പരിഗണിച്ചില്ല. വൈഷ്ണവിയുടെ തലയിലെ കിരീടം സുസ്മിത ശരിയാക്കുന്നതുപോലെ കാണിച്ച സുസ്മിത അത് വീണ്ടും വൈഷ്ണവിയെ അണിയിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷം മറ്റൊരളോട് സംസാരിക്കാനെന്ന പോലെ വിജയിക്ക് മുന്നിലൂടെ കടന്നുപോയ സുസ്മിത കെസിയയെ അഭിനന്ദിക്കാനോ നന്നായി പെരുമാറാനോ തയാറായില്ല.
സുസ്മിതയുടെ ഈ പെരുമാറ്റം കെസിയയുടെ മുഖത്തുണ്ടാക്കുന്ന മാറ്റം വിഡിയോയില്‍ വ്യക്തമായി കാണാം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ സുസ്മിതയുടെ പ്രവര്‍ത്തിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിവിധ സൗന്ദര്യമല്‍സരങ്ങളില്‍ പങ്കെടുത്ത് മിസ് ഇന്ത്യ പട്ടവും, മിസ് യൂണിവേഴ്സ് കിരീടവും ചൂടിയ ഒരാളുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു വിവേചനം പ്രതീക്ഷിച്ചില്ലെന്നാണ് സോഷ്യല്‍ലോകം പറയുന്നത്. കാലങ്ങളായി ഒട്ടേറെ സൗന്ദര്യമല്‍സരങ്ങളില്‍ വിധികര്‍ത്താവായി ഇരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും നിലവാരം കുറഞ്ഞ ഇത്തരം പ്രവര്‍ത്തികളുണ്ടാകുന്നത് അപലപനീയമാണെന്നും സോഷ്യല്‍ലോകം പറയുന്നു. ഒരു മലയാളി കിരീടം ചൂടിയത് അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാകാം ഇത്തരം പ്രതികരണങ്ങള്‍ സുസ്മിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കമന്‍റുകളുണ്ട്. സംഭവത്തില്‍ ഇതുവരെ സുസ്മിത പ്രതികരിച്ചിട്ടില്ല.