11 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി സ്ഥിരീകരിച്ച് മോഡലും അവതാരകയുമായ അപർണ തോമസ്. അപർണയുമായി വേർപിരിയുകയാണെന്ന് വ്യക്തമാക്കി ജീവ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് അപർണയും നിലപാട് വ്യക്തമാക്കിയത്. ‘ഇതോടെ, ഈ ഒരു അധ്യായം അവസാനിക്കുകയാണ്’ എന്ന തലക്കെട്ടോടെയാണ് അപർണ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
നിങ്ങളിൽ പലരും എന്നിൽ നിന്ന് കാര്യങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു എന്ന് അറിയാമെന്നും, അതുകൊണ്ടാണ് നേരിട്ട് സംസാരിക്കുന്നതെന്നും അപർണ കുറിച്ചു. 'അതെ, ഈ വിവാഹബന്ധം അവസാനിച്ചിരിക്കുകയാണ്. സത്യത്തിൽ എനിക്കിത് തുടരാൻ താല്പര്യവുമില്ലായിരുന്നു. ഇത് രണ്ടുപേർക്കും എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല എന്ന് എനിക്കറിയാം, എന്നാൽ എനിക്ക് വേണ്ടി ഈ തീരുമാനം എനിക്ക് എടുക്കേണ്ടി വന്നു' - അപർണ കുറിച്ചു.
'ഇന്ന്, പൂർണ മനസ്സോടെ എനിക്ക് പറയാൻ കഴിയും ഞാൻ വളരെ സമാധാനത്തിലാണ്. ഞാൻ സന്തോഷവതിയാണ്, എനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ട്, ഒപ്പം വളരെക്കാലത്തിന് ശേഷം എന്‍റെ മനസ്സ് ഒരുപാട് ഭാരം കുറഞ്ഞതായും അനുഭവപ്പെടുന്നു. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ചില കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്.എനിക്ക് മുന്നോട്ട് പോകണം, സമാധാനത്തോടെ ജീവിക്കണം' അപര്‍ണ കുറിപ്പിൽ പറയുന്നു.
ദയവായി എന്‍റെ അല്ലെങ്കിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുകയും ഞങ്ങൾക്ക് ഒരു സ്പേസ് നൽകുകയും ചെയ്യുക. ഇത് മാത്രമേ ചോദിക്കുന്നുള്ളൂ എന്നും അപർണ കൂട്ടിച്ചേർത്തു. 2015 ഓഗസ്റ്റ് 24-നായിരുന്നു ജീവയുടെയും അപർണയുടെയും വിവാഹം. കൃത്യം 11 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെ വേർപിരിയൽ വാർത്ത ജീവ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.