അതിവേഗ കാറോട്ട മത്സരത്തിനിടെ നടൻ അജിത് കുമാർ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടു. താരം പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷേലിൻ ലെ മാൻസ് കപ്പ് തുടങ്ങിയ പ്രമുഖ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്.
മത്സരത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മുൻപും ട്രാക്കുകളിൽ ഇത്തരം അപകടങ്ങളിൽ നിന്ന് അദ്ദേഹം സുരക്ഷിതനായി പുറത്തുവന്നിട്ടുണ്ട്. സിനിമയോടൊപ്പം റേസിങ്ങിനെ ഗൗരവമായി കാണുന്ന അജിത്, അന്താരാഷ്ട്ര ട്രാക്കുകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. 2003 മുതൽ ഫോർമുല ഏഷ്യ ബിഎംഡബ്ല്യു, ജിടി4 യൂറോപ്യൻ സീരീസ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
'ഗുഡ് ബാഡ് അഗ്ലി' ആണ് ഒടുവില്‍ പുറത്തുവന്ന അജിത്തിന്റെ ചിത്രം. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഡെയർഡെവിൾ' ആണ് വരാനിരിക്കുന്ന സിനിമ.