Image: instagram.com/archenaa_ravi/

നടിയും മോഡലുമായ അർച്ചന രവിയും യുവ ചലച്ചിത്ര നിർമാതാവ് ആന്റണി ഷോണും വിവാഹിതരാകുന്നു. സോഷ്യൽ മീഡിയയിലൂടെ ഇരുവരും തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഓഗസ്റ്റ് 16 ഞായറാഴ്ച നടന്ന വിവാഹ നിശ്ചയത്തിന്‍റെ  ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്. വിവാഹ വാർത്ത പുറത്തുവന്നതോടെ ചലച്ചിത്ര- മോഡലിങ് രംഗത്തെ പ്രമുഖരും ആരാധകരും ഇരുവർക്കും ആശംസകളുമായി എത്തുകയാണ്.

‘നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലും, ഏറ്റവും മോശമായ ഘട്ടങ്ങളിലും, അതിനിടയിലെ എല്ലാ കോളിളക്കങ്ങളിലും പരസ്പരം താങ്ങായി നമ്മള്‍ ഉണ്ടായിരുന്നു. എന്നിട്ടും, നമ്മളാരും പരസ്പരം ഉപേക്ഷിച്ച് കടന്നുകളഞ്ഞില്ല. അല്ലെങ്കിലും... എന്നെന്നേക്കുമായി ഉപേക്ഷിച്ച് പോകാൻ നമുക്കാവില്ലല്ലോ’ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അർച്ചന കുറിച്ചു. 2023 മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. അതേസമയം, വിവാഹ തീയതിയെക്കുറിച്ചോ വേദിയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മോഡലിങ് രംഗത്തിലൂടെ ശ്രദ്ധേയയായ അർച്ചന രവി 2017-ൽ റിലീസ് ചെയ്ത 'അട്ടൂ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറാണ്. 2016 ല്‍ മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ്, 2019-ല്‍ ഫെമിനാ മിസ് ഇന്ത്യ കേരള ടോപ്പ് 3 ഫൈനലിസ്റ്റ്, 2020-ല്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യ ടോപ്പ് 10 ലും അര്‍ച്ചന സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ 2018-ല്‍ മിസ് സൂപ്പര്‍ ഗ്ലോബ് വേള്‍ഡില്‍ ഫസ്റ്റ് റണ്ണര്‍ അപ്പുമായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടിയായായിരുന്നു അര്‍ച്ചന രവി. മോഡലിങിനും അഭിനയത്തിനും പുറമെ ക്ലാസിക്കൽ ഡാൻസറും സംരംഭകയുമാണ്.

അതേസമയം, മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് നിർമാതാവെന്ന നിലയിൽ വൻ വിജയം കൊയ്ത വ്യക്തിയാണ് ആന്റണി ഷോൺ. തിയറ്ററുകളിൽ ചരിത്ര വിജയം കുറിച്ച 'മഞ്ഞുമ്മൽ ബോയ്സ്', പ്രേക്ഷക ശ്രദ്ധ നേടിയ 'ജാൻ എ മൻ' എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിയാണ്. 'ഇലവീഴാപൂഞ്ചിറ' എന്ന ചിത്രത്തിലൂടെ അഭിനേതാവായും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Actress and model Archana Ravi is set to marry young film producer Antony Shon. The couple shared photos from their engagement ceremony held on Sunday, August 16, officially announcing their relationship to fans and well-wishers. Archana has made a prominent mark in modeling as the first Malayali to become the first runner-up in Miss Super Globe World, while Antony is renowned for co-producing blockbusters like 'Manjummel Boys'. Friends, fans, and prominent figures from the film and modeling industries have been flooding their social media handles with congratulatory messages.