shersha-sherief

Image Credit : Instagram

വിവാഹവാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ നേരിടേണ്ടി വന്ന വിദ്വേഷ കമന്‍റുകള്‍ക്ക് മറുപടിയുമായി നടനും തിരക്കഥാകൃത്തുമായ ഷേർഷാ ഷെരീഫ്. രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ലെന്നും ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും താരം സമൂഹമാധ്യമത്തില്‍ കുറിച്ചു. പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത് എന്നും സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത് എന്നും ഷേര്‍ഷ വ്യക്തമാക്കി. വിവാഹച്ചിത്രത്തിനൊപ്പമാണ് ഷേര്‍ഷാ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചത്. 

ഷേർഷാ ഷെരീഫ് പങ്കുവച്ച കുറിപ്പ്

'ഈ സ്വാതന്ത്ര്യദിനത്തിൽ, രണ്ടു വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുള്ള ഞാനും നിത്യ സോളമനും സ്പെഷ്യല്‍ മാരേജ് ആക്ട് 1954 പ്രകാരം, ഇരുവരുടെയും വിശ്വാസങ്ങളെയും വ്യക്തിത്വങ്ങളെയും സംരക്ഷിച്ചുകൊണ്ട് വിവാഹിതരായി. ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ശേഷം ഒരുപാട് ആശംസകളോടൊപ്പം കുറെയേറെ വിദ്വേഷ കമന്‍റുകളും വിമര്‍ശന മെസേജുകളും വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ കുറിപ്പ്: രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ല. ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതുമില്ല'.

'സ്വാതന്ത്ര്യം എന്നത് സ്വന്തം വിശ്വാസത്തിൽ ജീവിക്കാനുള്ള അവകാശം മാത്രമല്ല, മറ്റൊരാളുടെ വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാനുള്ള മനസും കൂടിയാണ്. പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത്. സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത്. അതുകൊണ്ട്, ഈ പോസ്റ്റ്‌ ഒക്കെ കണ്ടു അസ്വസ്ഥരായ സുഹൃത്തുക്കളെ..നിങ്ങളുടെ അസ്വസ്ഥതയല്ല നിയമം. നിങ്ങളുടെ മുൻവിധിയല്ല സദാചാരം. നിങ്ങളുടെ വെറുപ്പിന് ഇവിടെ വീറ്റോ അധികാരമില്ല. നമ്മൾ ജീവിക്കുന്നത് ഒരു മതേതര രാജ്യത്താണ്. ഇവിടെ ഓരോ വ്യക്തിക്കും അവരുടെ അന്തസിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും അവകാശമുണ്ട്. അതിനാൽ ഭയമില്ലാതെ നമ്മള്‍ സ്നേഹിക്കും. യാതൊരു ഖേദവുമില്ലാതെ നമ്മൾ സ്വന്തം വഴികൾ തിരഞ്ഞെടുക്കും. നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ തന്നെ നമ്മൾ ജീവിക്കുകയും ചെയ്യും. വിദ്വേഷം വിളമ്പാൻ ഇറങ്ങിയവർ അത് സ്വയം ഇലയിട്ട് തിന്ന് തൃപ്തിപ്പെടുക' ഷേർഷാ ഷെരീഫ് കുറിച്ചു.

 

 

 

 

ENGLISH SUMMARY:

Shersha Sherief addressed hate comments following his interfaith wedding announcement. He emphasized that love and marriage should transcend caste, religion, and lineage, advocating for a society that supports individual choices and freedom.