Image Credit : Facebook / Instagram
അല്ലു അര്‍ജുനും സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രാക്കയില്‍ ഹോളിവുഡ് ഇതിഹാസം വില്‍ സ്മിത്തും പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സൺ പിക്ചേഴ്സ് നിർമിക്കുന്ന രാക്കയില്‍ വില്ലന്‍ വേഷത്തിലാകും വില്‍ സ്മിത്ത് എത്തുക എന്നാണ് സൂചന. ഏകദേശം ആയിരം കോടിയോളം രൂപ മുതല്‍മുടക്കിലാണ് സയന്‍സ് ഫിക്ഷന്‍ ചിത്രമായ രാക്ക ഒരുക്കുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
മനുഷ്യനും മൃഗവും ചേര്‍ന്ന ഭീതിജനകമായ രൂപത്തില്‍ നില്‍ക്കുന്ന അല്ലു അര്‍ജുന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിത ഹോളിവുഡ് താരം വില്‍ സ്മിത്ത് കൂടി ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന വാര്‍ത്ത രാക്കയുടെ ഹൈപ്പ് കൂട്ടുകയാണ്. വിൽ സ്മിത്തിന്‍റെ ഭാഗങ്ങൾ വിദേശ ലൊക്കേഷനിലായിരിക്കും ചിത്രീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിൽ സ്മിത്തിന്റെ സമയ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും ഷൂട്ടിങ് ക്രമീകരിക്കുക. ചിത്രത്തിലേക്കുളള വില്‍ സ്മിത്തിന്‍റെ കോസ്റ്റ്യൂം നിശ്ചയിച്ച് കഴിഞ്ഞതായി അണിയറ പ്രവര്‍ത്തകരും വ്യക്തമാക്കി.
അതേസമയം രാക്കയില്‍ ഷാരൂഖ് അതിഥി വേഷത്തില്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അത് നിഷേധിച്ചിരുന്നു. വന്‍മുതല്‍ മുടക്കില്‍ ഒരുക്കുന്ന രാക്കയില്‍ അല്ലു അര്‍ജുനും വില്‍ സ്മിത്തിനും ദീപിക പദുക്കോണിനും പുറമെ രശ്മിക മന്ദാന, ജാൻവി കപൂർ, മൃണാൾ താക്കൂർ എന്നിവരും അണിനിരക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മികച്ച ദൃശ്യവിസ്മയമായിരിക്കും രാക്ക എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സിനിമാപ്രേമികള്‍.