anupama-parameswaran-dhruv-vikram

നടി അനുപമ പരമേശ്വരന്റെ മുൻകാല ബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് പിന്നാലെ ഉയർന്ന ചർച്ചകളിൽ പ്രതികരണവുമായി നടൻ ധ്രുവ് വിക്രം. മാധ്യമശ്രദ്ധയും സ്വകാര്യജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും തന്നെ ബാധിക്കാറുണ്ടെന്ന് വ്യക്തമാക്കിയ താരം, ഇത്തരം ബാഹ്യ ഇടപെടലുകളിൽ ഇടറാതെ സ്വന്തം മൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യ ടുഡേ റൗണ്ട് ടേബിളില്‍ പറഞ്ഞു.

"സത്യസന്ധമായി പറഞ്ഞാൽ, അത് എന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ല. യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കണം. നിങ്ങൾ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും വ്യക്തമായി അറിയണം. നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങളെയും സംരക്ഷിക്കണം. നിങ്ങൾക്കെന്നു മാത്രമായി ഒരു സ്വന്തം ലോകമുണ്ട്. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ഇടം സംരക്ഷിക്കുക. സത്യത്തിനൊപ്പം നിൽക്കുമ്പോൾ പുറത്തുനിന്നുള്ള ഇടപെടലുകൾക്ക് ഒരു പരിധിക്കപ്പുറം സ്വാധീനിക്കാൻ കഴിയില്ല," ധ്രുവ് വ്യക്തമാക്കി. പുറത്തുനിന്നുള്ള ചർച്ചകൾക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്നും താരം കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതിനെക്കുറിച്ചും ധ്രുവ് മനസ്സുതുറന്നു. ഇൻസ്റ്റഗ്രാമിൽ കൂടുതൽ സമയം ചെലവഴിക്കാറില്ലെങ്കിലും സ്വകാര്യമായി ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് താരം പറഞ്ഞു. അച്ഛന്റെയും സഹോദരപുത്രിയുടെയും വളർത്തുമൃഗങ്ങളുടെയും വിഡിയോകൾ എഡിറ്റ് ചെയ്യാറുണ്ടെങ്കിലും അവയൊന്നും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ അനുപമ പരമേശ്വരൻ, മുൻബന്ധത്തിൽ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളും മാനസിക സമ്മർദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം താന്‍ നാര്‍സിസ്റ്റ്ക് അബ്യൂസിലൂടെയാണ് കടന്നുപോയതെന്ന് താരം പറഞ്ഞു. എന്നാൽ മുൻപങ്കാളി ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് അനുപമയുടെ വാക്കുകൾ ധ്രുവ് വിക്രമുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Actor Dhruv Vikram has recently addressed the media discussions and speculations surrounding actress Anupama Parameswaran's past relationship remarks. Speaking at the India Today Roundtable, Dhruv admitted that such external attention and rumors do affect him, emphasizing the importance of staying grounded in reality. He advised protecting one's personal space and focusing on core values instead of letting outside interference dictate one's life. Furthermore, the actor shared his preference for maintaining privacy on social media despite enjoying editing personal videos behind the scenes.