Image: instagram.com/thenameisyash/
തന്‍റെ പുതിയ ചിത്രമായ 'ടോക്സിക്' റിലീസിനൊരുങ്ങവെ ഫാന്‍സിന്‍റെ ആരാധന അതിരു കടക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ യഷ്. ഒരിക്കല്‍ ജീവനൊടുക്കിയ ഒരു ആരാധകന്‍റെ സംസ്കാര ചടങ്ങിന് താൻ പോകാതിരുന്നതിന്‍റെ കാരണത്തെക്കുറിച്ചും പിറന്നാൾ ദിനത്തിൽ തന്‍റെ വീടിന് മുന്നിലെത്തുന്ന ആരാധകരെ കാണുന്നത് എന്തുകൊണ്ടാണ് നിർത്തിയതെന്നും താരം തുറന്നു പറഞ്ഞു. ആപ് കി അദാലത്തിൽ സംസാരിക്കവെയാണ് യഷിന്‍റെ വെളിപ്പെടുത്തല്‍.
2021 ഫെബ്രുവരിയിൽ കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ യഷിന്‍റെ കടുത്ത ആരാധകനായ 25 കാരൻ രാമകൃഷ്ണ ജീവനൊടുക്കിയിരുന്നു. യഷും രാഷ്ട്രീയ നേതാവ് സിദ്ധരാമയ്യയും തന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന കുറിപ്പ് എഴുതിവെച്ചാണ് യുവാവ് ജീവനൊടുക്കിയത്. അന്ന് സിദ്ധരാമയ്യ യുവാവിന്‍റെ സംസ്കാര ചടങ്ങിനെത്തിയെങ്കിലും യാഷ് പങ്കെടുത്തില്ല. ഈ സംഭവത്തെക്കുറിച്ച് സംസാരിച്ച യഷ്, താൻ ബോധപൂർവ്വമാണ് സംസ്കാര ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നതെന്ന് വ്യക്തമാക്കി. താന്‍ പങ്കെടുത്തിരുന്നെങ്കില്‍ അത് ആരാധകർക്കിടയിൽ തെറ്റായ മാതൃക സൃഷ്ടിക്കുമായിരുന്നു എന്നാണ് യഷ് പറഞ്ഞത്.
‘അദ്ദേഹത്തിന്‍റെ മരണത്തിൽ എനിക്ക് ദുഃഖമുണ്ടായിരുന്നു. എന്നാല്‍ ഞാൻ അവിടെ പോയാൽ, ഇത്തരം കാര്യങ്ങൾ ചെയ്താൽ ഞാൻ വരുമെന്ന തെറ്റായ മുൻവിധി ആളുകളിൽ ഉണ്ടാകും. അതൊരു തെറ്റായ മാതൃകയായി മാറും. അതുകൊണ്ടാണ് ഞാൻ ആ ചടങ്ങിന് പോകാതിരുന്നത്’ യാഷ് പറഞ്ഞു. ആ ആരാധകന്‍റെ വേർപാടിൽ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടായിരുന്നെന്നും എന്നാൽ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അതേസമയം, ആരെങ്കിലും ജീവിതത്തിൽ എന്തെങ്കിലും നേട്ടം കൈവരിക്കുകയും, ആ വിജയത്തിൽ ഞാൻ പങ്കാളിയാകണമെന്ന് ആഗ്രഹിക്കുകയും ചെയ്താൽ ഞാൻ അവിടെയെത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തെറ്റായൊരു മാതൃക സൃഷ്ടിക്കും. അതുകൊണ്ടാണ് ഞാൻ ആ ചടങ്ങിന് പോകാതിരുന്നത്’ താരം വ്യക്തമാക്കി.
പിറന്നാൾ ദിനത്തിൽ താന്‍ ആരാധകരെ കാണുന്നത് പണ്ട് പതിവായിരുന്നുവെന്ന് പറഞ്ഞ യഷ് അത് അവസാനിപ്പിച്ചതിന്‍റെ കാരണവും വ്യക്തമാക്കി. ആരാധകരെ കാണുന്നത് അവസാനിപ്പിച്ചത് അഹങ്കാരം കൊണ്ടല്ലെന്ന് യഷ് പറഞ്ഞു. ‘ആദ്യമെല്ലാം പിറന്നാൾ ദിനത്തിൽ തന്‍റെ വീടിന് മുന്നിലെത്തുന്ന ആരാധകരെ നേരില്‍ കാണാറുണ്ട്. ഇത്രയധികം ആളുകൾ നമ്മെ സ്നേഹിക്കുന്നുണ്ടല്ലോ എന്നതിൽ സന്തോഷമായിരുന്നു. പക്ഷേ പിന്നീട് ആരാധന അതിരു കടന്നു. 2021 ല്‍ തന്‍റെ സുഹൃത്തായ നടൻ അംബരീഷ് മരിച്ചു. തുടര്‍ന്ന് ആ വർഷം പിറന്നാൾ ആഘോഷിക്കേണ്ട എന്ന് തീരുമാനിച്ചു. എന്നാല്‍ അന്ന് വീടിന് മുന്നിലെത്തിയ ആരാധകര്‍ കരുതിയത് താൻ വീട്ടിലുണ്ടായിരുന്നിട്ടും അവരെ കാണാന്‍ പുറത്തിറങ്ങുന്നില്ലെന്നാണ്’– യഷ് പറഞ്ഞു.
ഒരിക്കല്‍ ഒരു ആരാധകൻ തീകൊളുത്തി ജീവനൊടുക്കി സംഭവവും തന്‍റെ ബാനർ സ്ഥാപിക്കുന്നതിനിടെ ഒരു ആരാധകന് കൈ നഷ്ടപ്പെട്ട സംഭവവുമെല്ലാം യഷ് ഓര്‍ത്തെടുത്തു. ആരാധകര്‍ തന്‍റെ സിനിമ കാണാൻ വരുന്നത് തന്നെ സന്തോഷമാണ്. അതുമതി, ഞങ്ങള്‍ അത്ര വലിയവരൊന്നുമല്ലെന്നും യഷ് പറയുന്നു. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ ആരാധന അതിരുകടന്ന് സമയവും ജീവിതവും പാഴാക്കരുതെന്നും ഫാന്‍സിനോട് യഷ് പറയുന്നു.
2022 ഡിസംബറിൽ ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിക്കിടെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പകരം ഏകദേശം 700-ഓളം ആരാധകർക്ക് സിംഗിള്‍ ഫോട്ടോക്ക് പോസ് ചെയ്തതിനെ കുറിച്ചും യഷ് സംസാരിച്ചു. താന്‍ എപ്പോഴും ആരാധകരെ സന്തോഷിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്ന് യാഷ് പറഞ്ഞു. ഗ്രൂപ്പ് ഫോട്ടോയാണെങ്കിൽ അവർക്ക് അവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടും എന്നാല്‍ സിംഗിള്‍ ഫോട്ടോ അവരുടെ ജീവിതത്തിലെ എക്കാലത്തെയും വലിയൊരു ഓർമ്മയായി മാറും," യാഷ് വ്യക്തമാക്കി. ആരാധകരോട് താൻ കഴിയുന്നത്ര സ്നേഹത്തോടെ പെരുമാറാറുണ്ടെന്നും യഷ് പറഞ്ഞു. ‘പക്ഷേ എനിക്ക് എന്‍റേതായ ജോലിയുണ്ട്; നമുക്കെല്ലാവർക്കും സമയക്കുറവുണ്ട്’ താരം കൂട്ടിച്ചേർത്തു.
അതേസമയം, തന്‍റെ പുതിയ ചിത്രം ടോക്സികിന്‍റെ റിലീസ് തിരക്കുകളിലാണ് താരം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹൈപ്പിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. കെ.ജി.എഫ് ചാപ്റ്റർ 2-ന് ശേഷം യാഷ് നായകനായെത്തുന്ന ചിത്രം കൂടിയാണിത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാര്യ, രുഗ്മിണി വസന്ത് തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിലുള്ളത്. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ആക്ഷൻ ഡ്രാമ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.