അഭിമുഖത്തിനിടെ രശ്മിക മന്ദാന തന്നെ കുറിച്ച് പറഞ്ഞ കമന്റില്‍ പ്രതികരിച്ച് നടന്‍ യഷ്. കന്നട സിനിമയിലെ 'മിസ്റ്റർ ഷോ ഓഫ്' ആരാണെന്ന ചോദ്യത്തിന് യഷ് എന്ന് രശ്മിക ഉത്തരം പറഞ്ഞ സംഭവത്തോടാണ് യഷിന്‍റെ പ്രതികരണം. മറ്റൊരാളുടെ അഭിപ്രായം തന്റെ വ്യക്തിത്വത്തെ ബാധിക്കില്ലെന്ന് താരം പറഞ്ഞു.
'അവര്‍ ഏത് അർഥത്തിലാണ് ആ കാര്യം പറഞ്ഞതെന്ന് എനിക്കറിയില്ല, അവര്‍ അന്ന് പുതുമുഖമായിരുന്നു. ചിലപ്പോൾ അവതാരകൻ 3-4 ഓപ്ഷനുകൾ നൽകിയപ്പോൾ ഈ ഓപ്ഷൻ ശരിയാകും എന്ന് ആ കുട്ടി കരുതിയിരിക്കാം. ധാരാളം സംവിധായകർ ഇതിൽ പ്രകോപിതരായി. എങ്കിലും മറ്റൊരാളുടെ അഭിപ്രായം എന്റെ വ്യക്തിത്വത്തെ നിർവചിക്കുന്നില്ല. ഞാൻ ഞാനാണ്. മറ്റ് താരങ്ങളെ ബഹുമാനിക്കാത്തവർ തന്റെ യഥാർത്ഥ ആരാധകരായിരിക്കില്ലെ' എന്നും അദ്ദേഹം വ്യക്തമാക്കി.
രജത് ശർമയുടെ 'ആപ് കി അദാലത്' എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് യഷ് ഈ വിഷയം സംസാരിച്ചത്. തന്റെ പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺ-അപ്സ്' എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് പഴയ വിവാദവും കടന്നുവന്നത്.
വിവാദത്തിന്റെ പശ്ചാത്തലം: 2017-ൽ ഒരു ടെലിവിഷൻ അഭിമുഖത്തിനിടയിലെ റാപ്പിഡ് ഫയർ സെഗ്മെന്റിൽ കന്നട സിനിമയിലെ 'മിസ്റ്റർ ഷോഓഫ്' ആരാണെന്ന് രശ്മികയോട് ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് രശ്മിക യഷിന്റെ പേര് പരാമർശിച്ചതാണ് പിന്നീട് വലിയ സാമൂഹിക മാധ്യമ ചർച്ചകൾക്കും ആരാധകരുടെ വിമർശനത്തിനും കാരണമായത്.
സംഭവത്തെ തുടർന്നുണ്ടായ സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ രശ്മിക മന്ദാന വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 'കിരിക് പാർട്ടി' സിനിമ റിലീസ് ചെയ്യുന്നതിനും ഏഴ് മാസം മുമ്പ് ഷൂട്ട് ചെയ്ത അഭിമുഖമാണിതെന്നും, എഡിറ്റിങ്ങിന് ശേഷം ചെറിയൊരു ഭാഗം മാത്രം അടർത്തിമാറ്റി പ്രചരിപ്പിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നും താരം വ്യക്തമാക്കിയിരുന്നു. യഷിന്റെ കഴിവിനെയും താന്‍ അഭിനന്ദിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.
വിവാദം കത്തിനിൽക്കുന്ന സമയത്ത് തന്നെ യഷും വിഷയത്തിൽ പ്രതികരിച്ചിരുന്നു. രശ്മികയ്ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും അത് മാനിക്കണമെന്നും ആവശ്യപ്പെട്ട യഷ്, ആരാധകരോട് ഈ വിഷയം അവിടെ അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയാണുണ്ടായത്.