പൊതുവേദിയില്‍ സംസാരിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് വികാരാധീനനായി ഇന്‍ഫ്ളുവന്‍സറും ബിജെപി നേതാവുമായ റോബിന്‍ രാധാകൃഷ്ണന്‍. അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 15–ാം വാര്‍ഡിലെ ഓണപരിപാടിയില്‍ സംസാരിക്കവേയാണ് അമ്മയെ ഓര്‍ത്ത് റോബിന്‍റെ കണ്ണ് നിറഞ്ഞത്.
കഴിഞ്ഞ ഓണത്തിന് എന്‍റെ അമ്മയുടെ കൂടെ ആയിരുന്നു. ഇപ്രാവശ്യം അമ്മയില്ലാത്തത് എനിക്കൊരു തീരാനഷ്ടമാണ്, എന്ന് പറഞ്ഞതിന് ശേഷം വാക്കുകള്‍ കിട്ടാതെ റോബിന്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. 'വലിയ ഓണാഘോഷമൊന്നുമില്ല, എന്‍റെ അമ്മ മരിച്ചിട്ട് 40 കഴിഞ്ഞതേയുള്ളൂ. പക്ഷേ എല്ലാവരേയും ഒന്ന് കാണാന്‍ വേണ്ടി വന്നതാണ്', മറ്റൊരു വിഡിയോയില്‍ റോബിന്‍ പറഞ്ഞു.
റോബിന്‍റെ അമ്മ ബീന രാധാകൃഷ്ണൻ കഴിഞ്ഞ ജൂലൈയിലാണ് അന്തരിച്ചത്. ഏറെ നാളായി അർബുദ രോഗബാധിതയായിരുന്നു. അമ്മയുടെ വിയോഗവാർത്ത റോബിൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗർഭാശയ കാൻസർ (എൻഡോമെട്രിയൽ കാർസിനോമ) ബാധിച്ച് ചികിത്സയിലായിരുന്ന അമ്മ, രോഗത്തോടും വേദനകളോടും ധീരമായി പോരാടിയാണ് ഒടുവിൽ യാത്രയായതെന്ന് റോബിൻ കുറിച്ചു.
ഓരോ പ്രതിസന്ധിയിലും അമ്മ അസാധാരണമായ കരുത്തും ധൈര്യവും അന്തസ്സും പ്രകടിപ്പിച്ചു. തന്റെ രോഗം ഒരിക്കലും സ്വന്തം ആത്മവീര്യത്തെ കീഴടക്കാൻ അനുവദിക്കാതെ, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെയാണ് അമ്മ ഈ പോരാട്ടം നയിച്ചത്. അർബുദം ശരീരത്തെ കീഴടക്കിയെങ്കിലും അമ്മയുടെ സ്നേഹത്തെയോ പാരമ്പര്യത്തെയോ തോൽപ്പിക്കാൻ അതിനായിട്ടില്ലെന്നും, നിരുപാധികമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി അമ്മ എന്നും തങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുമെന്നും കുറിച്ചുകൊണ്ടാണ് റോബിൻ കുറിപ്പ് അവസാനിപ്പിച്ചത്.