.
സണ്ണി ഡിയോളിന്റെ 'ബട്വാര 1947' റിലീസ് ചെയ്യാനിരിക്കെ, ബോളിവുഡിന് പാകിസ്ഥാന്‍ പ്രണയമാണെന്ന ആരോപണവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. 1947-ലെ ഇന്ത്യയുടെ വിഭജനകാലത്തെ കഥയാണ് ബട്വാര പറയുന്നത്. ഇന്ത്യ-പാക് വിഭജന പശ്ചാത്തലത്തിലുള്ള 'മേന്‍ വാപസ് ആവുംഗ' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത് മികച്ച പ്രതികരണം നേടിയതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. വിഭജനം മൂലം തകര്‍ന്ന പ്രണയത്തെ കുറിച്ചായിരുന്നു 'മേന്‍ വാപ്പസ് ആവുംഗ' ചിത്രം പറഞ്ഞത്.
'സിനിമകളായാലും പ്രസ്താവനകളായാലും അഭിമുഖങ്ങളായാലും, പാക്കിസ്ഥാനുമായുള്ള ഈ പ്രണയം എപ്പോഴാണ് അവസാനിക്കുക? വിഭജനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പ്രണയകഥ അവസാനിക്കാത്തത് എന്തുകൊണ്ട്?' എന്ന് അവർ ചോദിച്ചു. ഇതിന് അവർ മറുപടി നൽകാൻ ബാധ്യസ്ഥരാണെന്നും നടി കൂട്ടിച്ചേർത്തു. ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ മാത്രം മുതലക്കണ്ണീർ ഒഴുക്കുന്ന ബോളിവുഡ് താരങ്ങൾ ജാർഖണ്ഡിലെ കുട്ടികളുടെ ദുരവസ്ഥ കൂടി കാണണമെന്നും കങ്കണ എഎന്‍ഐയോട് പ്രതികരിച്ചു.
നടൻ നസറുദ്ദീൻ ഷായുടെ പരാമർശങ്ങളെ മുൻനിർത്തിയും കങ്കണ നേരത്തെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. നസറൂദ്ദീന്‍ ഷാ ഇന്ത്യയിൽ ജീവിച്ച് ഉപജീവനം കണ്ടെത്തുകയും എന്നാൽ അയൽരാജ്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുകയാണെന്ന് കങ്കണ പറഞ്ഞു. വിഭജനാനന്തരം പാക്കിസ്ഥാനിലെ സർഗോധയിൽ നിന്നും വീടൊഴിയാൻ നിർബന്ധിതനാകുന്ന കഥാപാത്രത്തെയാണ് 'മൈ വാപസ് ആവുംഗ'യിൽ നസറുദ്ദീൻ ഷാ അവതരിപ്പിച്ചിരിക്കുന്നത്.
വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ ബോളിവുഡ് താരങ്ങൾ മൗനം പാലിക്കുന്നതിനെതിരെ നസറുദ്ദീൻ ഷാ നേരത്തെ രംഗത്തെത്തിയിരുന്നു. വായയിൽ എല്ലും കഷ്ണമുള്ള പട്ടിക്ക് കൃത്യമായി പ്രതികരിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.