ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്തും ഹൃതിക് റോഷനും തമ്മിലുള്ള വാക്പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പണ്ടൊരു അഭിമുഖത്തില്‍ കങ്കണ ഹൃതിക്കിനെ സില്ലി എക്സ് എന്ന് വിളിച്ചതും അതിനെ ചുറ്റിപറ്റിയുണ്ടായ പൊല്ലാപ്പൊന്നും ചില്ലറയല്ല. ഇപ്പോഴിതാ വീണ്ടും ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇരുവരും. ജന്തര്‍ മന്തറില്‍ നടന്ന ജെന്‍ സികളുടെ പ്രതിക്ഷേധത്തിന് ശേഷം കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശങ്ങളില്‍ അവര്‍ വ്യാപക വിമര്‍ശനങ്ങളാണ് നേരിടുന്നത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കിടെ ഹൃതിക് റോഷൻ നടത്തിയ പ്രതികരണത്തിനെതിരെ കടുത്ത ഭാഷയിലാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. സമരം ചെയ്ത വിദ്യാര്‍ഥികളെ കാണാന്‍ ഭംഗിയില്ലെന്ന തരത്തില്‍ കങ്കണ അപമാനിച്ചപ്പോള്‍, സിജെപി വക്താവ് സൗരവ് ദാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പ്രതികരണവും വൈറലായിരുന്നു. 'എന്നെക്കാണാന്‍ ഹൃതിക് റോഷനെ പോലയാണിരിക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്, അതാണോ കങ്കണയുടെ പ്രശ്നം' എന്നായിരുന്നു സൗരവിന്‍റെ ചോദ്യം.

കങ്കണ അടുത്തയിടെ നടത്തിയ പരാമർശങ്ങളെ തുടർന്ന് സോഷ്യൽ മീഡിയയിൽ നടിക്കെതിരെ വലിയ ട്രോളുമുണ്ടായി. 'ഹൃതിക്കിനോട് ലോകം മാപ്പ് പറയണം' (We Need to Apologise to Hrithik) എന്ന തരത്തിലുള്ള ക്യാംപെയിനുകളും പോസ്റ്റുകളും ഇൻസ്റ്റഗ്രാമിൽ ട്രെന്‍ഡിങ്ങായി മാറി. ഇത്തരത്തിലുള്ള ഒരു പോസ്റ്റിന് താഴെ ഹൃതിക് കുറിച്ച കമന്റാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. 'എന്റെ സുഹൃത്തേ, നിങ്ങൾക്ക് 'B'യോട് താല്‍പര്യമില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം 'A'യുടെ ഭാഗം ചേരുന്നത് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയൊരു വ്യവസ്ഥാപിത പ്രശ്നത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കാണിക്കുക. ശരിയായൊരു സന്ദർഭം വരുന്നത് വരെ ഞാൻ കാത്തിരിക്കുംഎന്നായിരുന്നു ഹൃതിക്കിന്റെ പ്രതികരണം.

ഹൃതിക്കിന്റെ ഈ കമന്‍റുമായി ബന്ധപ്പെട്ട വാർത്ത പങ്കുവെച്ചാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടത്. 'പ്രിയപ്പെട്ട ഹൃതിക്, സബാ ആസാദുമായി താങ്കൾ നല്ലൊരു ബന്ധത്തിൽ സന്തോഷത്തോടെ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾ രണ്ടുപേരും ചേർച്ചയുള്ള ജോഡികളാണ്. ഒരു നല്ല ബന്ധത്തിലുള്ള ഒരാൾ ഒരു സ്ത്രീയെ ഇത്തരത്തിൽ പരിഹസിക്കുന്നത് ചേർന്നതല്ല. അതിനുപകരം നിങ്ങളുടെ പേര് പറഞ്ഞ് എന്നെ അധിക്ഷേപിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നവരെ തടയുകയാണ് നിങ്ങൾ ചെയ്യേണ്ടത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന സ്വഭാവം നിര്‍ത്തൂ. ആ സ്വാഭാവം നിങ്ങളുടെ പങ്കാളിയെ നാണംകെടുത്തുന്നതാണ്' എന്നായിരുന്നു കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

ENGLISH SUMMARY:

Kangana Ranaut and Hrithik Roshan's long-standing feud has reignited amidst Kangana's controversial remarks following a protest at Jantar Mantar. Hrithik's cryptic comment on a social media post led to a sharp retort from Kangana, escalating their public spat.