suresh-gopi-income-drop

TOPICS COVERED

സെലിബ്രിറ്റിയെന്ന നിലയിൽ ലഭിച്ചിരുന്ന വരുമാനം ഇപ്പോൾ കുറഞ്ഞതായി തുറന്നുപറഞ്ഞ് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഉദ്ഘാടന ചടങ്ങുകളിലേക്കുള്ള ക്ഷണങ്ങൾ കുറഞ്ഞതോടെ തന്‍റെ വരുമാനവും കുറഞ്ഞു. എന്നാൽ അതിൽ പരാതിയോ നിരാശയോ ഇല്ലെന്നും ദൈവം തീരുമാനിക്കുന്ന വഴിയിലൂടെയാകും കാര്യങ്ങൾ മുന്നോട്ടുപോകുകയെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ നിരവധി സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തിരുന്നെങ്കിലും, അടുത്തിടെയായി ഇത്തരം പരിപാടികളിലേയ്ക്ക് തന്നെ അധികം ക്ഷണിക്കാറില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

“ഞാൻ മുൻപ് ഒരുപാട് ഉദ്ഘാടനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ കുറച്ചുകാലമായി എന്നെ അധികം പരിപാടികൾക്ക് വിളിക്കാറില്ല. അതോടെ ആ വരുമാന മാർഗവും കുറഞ്ഞു. അതിൽ എനിക്ക് പരാതിയൊന്നുമില്ല. ദൈവം എനിക്ക് വേണ്ടി തീരുമാനിച്ചിട്ടുള്ളത് എന്താണോ അത് സംഭവിക്കും. ഈ വഴിയിലൂടെയല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ അത് സംഭവിക്കും. ഉദ്ഘാടന ചടങ്ങുകൾ ഒരു തുടക്കത്തിന്‍റെ അടയാളമാണ്. ഒരു ഉദ്ഘാടകനെന്ന നിലയിൽ എനിക്കും ഇത് ഒരു പുനരാരംഭമാകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു,” എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. 

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി എംപിയായ സുരേഷ് ഗോപി നിലവിൽ പെട്രോളിയം, പ്രകൃതി വാതകം എന്നീ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയാണ്. രാഷ്ട്രീയത്തിൽ സജീവമായതോടെ കഴിഞ്ഞ കുറച്ചുവർഷങ്ങളായി സിനിമയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം താരതമ്യേന കുറഞ്ഞിരുന്നു. ഒരു കാലത്ത് മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മലയാള സിനിമയിലെ മുൻനിര താരമായി മാറിയ സുരേഷ് ഗോപി, പ്രത്യേകിച്ച് 1990-കളിൽ തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോയത്. ആക്ഷൻ ഹീറോ എന്ന നിലയിൽ സ്വന്തമായൊരു താരപ്രതിച്ഛായയും അദ്ദേഹം നേടിയെടുത്തിരുന്നു. രാഷ്ട്രീയത്തിലേയ്ക്കുള്ള കടന്നുവരവിലൂടെ നിരവധി തവണ ട്രോളുകള്‍ക്ക് ഇരയായിരുന്നു. 

'ഉദ്ഘാടന വേദികളിലെ ക്ഷണം കുറഞ്ഞു, വരുമാനവും ഇടിഞ്ഞു'; സുരേഷ് ഗോപി | suresh-gopi-income-drop:

Suresh Gopi, a Union Minister and actor, has openly discussed the decrease in his income as a celebrity due to fewer invitations for inauguration ceremonies. He expressed no disappointment, believing that divine will guides his path and viewing this as a potential new beginning.