suresh-gopi

TOPICS COVERED

സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്നാക്കുന്ന ബിൽ കഴിഞ്ഞദിവസമാണ് രാജ്യസഭ പാസാക്കിയത്. അതിനുമുന്‍പ് ലോക്സഭ ചർച്ചകൂടാതെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കുന്നതിന് ഔദ്യോഗികമായ അംഗീകാരമാകും. 

കേരളം എന്ന് പേര് മാറ്റാന്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരേണ്ടിവന്നു എന്ന് സുരേഷ് ഗോപി എംപി സഭയില്‍ പറ‍ഞ്ഞു. വികസനകാര്യത്തില്‍ നരേന്ദ്ര മോദി കേരളത്തേയും മലയാളികളേയും വാരിപ്പുണരുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രേംനസീര്‍ ചിത്രം 'മിനിമോളി'ലെ 'കേരളം കേരളം കേളികൊട്ടുയരുന്ന കേരളം' എന്ന പാട്ട് പാടിയാണ് സുരേഷ് ഗോപി പ്രസംഗം അവസാനിപ്പിച്ചത്. 

'കേരളം  പിറന്നിട്ട്  50 വര്‍ഷത്തിന് മേലെയായി. കേരളം എന്ന് വിളിക്കപ്പെടാന്‍, കേരളത്തിന്‍റെ സംസ്കാരത്തോട് ചേരുന്ന ഒരു നാമകരണത്തിലേക്ക് എത്താന്‍ ശ്രീ നരേന്ദ്ര മോദി വരേണ്ടിവന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ സന്തോഷിക്കുകയാണ്. 40 വര്‍ഷത്തിന് മേലെ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ എന്ത് നല്‍കി, ദേശീയ പാതയിടെ കാര്യമായാലും ഇന്ത്യന്‍ റെയില്‍വേയുടെ കാര്യമായാലും ശരി. നരേന്ദ്ര മോദിയുടേയും അശ്വനി വൈഷ്ണവിന്‍റേയും നേതൃത്വത്തില്‍ വന്ദേഭാരത് വന്നു. എല്ലാവര്‍ക്കും വന്ദേഭാരതില്‍ ടിക്കറ്റ് വേണം. ഇതൊരു വലിയ റെയില്‍ വിപ്ലവമാണ്. കേരളത്തിന്‍റെ വികസനകാര്യത്തില്‍ നരേന്ദ്ര മോദി കേരളത്തേയും മലയാളികളേയും വാരിപ്പുണരുക മാത്രമാണ് ചെയ്തത്. 

പ്രേം നസീറിന്‍റേയും സത്യന്‍റേയും മധുവിന്‍റേയും മണ്ണാണ്. എം.മുകുന്ദന്‍റേയും എം.ടി.വാസുദേവന്‍ നായരുടേയും വയലാറിന്‍റേയും ദേവരാജന്‍റേയും ജോണ്‍സണ്‍ മാഷിന്‍റേയുമൊക്കെ മണ്ണിനാണ് കേരള മറന്ന് കേരളം എന്ന വലിയ നെറ്റിപ്പട്ടം നരേന്ദ്ര മോദി സര്‍ക്കാര്‍ ചാര്‍ത്തിതന്നത്,' സുരേഷ് ഗോപി പറഞ്ഞു. 

ENGLISH SUMMARY:

MP Suresh Gopi sang a famous Malayalam film song in the Rajya Sabha while speaking on the resolution to officially rename Kerala as 'Keralam'. He credited Prime Minister Narendra Modi for this historic decision, claiming it took a change in leadership to finally align the state's name with its true cultural identity. During his address, Gopi lauded the central government's efforts in Kerala's infrastructure development, particularly citing the introduction of Vande Bharat trains as a rail revolution. The MP concluded his passionate speech by invoking the legacy of Kerala's cultural icons while emphasizing the significant progress made under the current central administration.