kenisha-francis

വ്യക്തിജീവിതത്തിലെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് പ്രശസ്ത ഗായിക കെനീഷ. പ്രായപൂർത്തിയാകും മുൻപുള്ള വിവാഹജീവിതത്തിൽ ഭർത്താവിൽനിന്ന് നേരിട്ട ക്രൂരമായ പീഡനങ്ങളും അർധരാത്രിയിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട അനുഭവവും താരം തുറന്നുപറഞ്ഞു. 18–ാം വയസ്സിലായിരുന്നു കെനീഷയുടെ വിവാഹം. മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഭർത്താവ് തന്നെ പല തരത്തിലും ഉപദ്രവിക്കുമായിരുന്നുവെന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ കെനീഷ പറഞ്ഞു.  

'23ാം വയസ്സിൽ അമ്മയേയും 27ാം വയസ്സിൽ അച്ഛനെയും നഷ്ടമായ വ്യക്തിയാണു ഞാൻ. 18ാം വയസ്സിലായിരുന്നു എന്‍റെ വിവാഹം. മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഭർത്താവ് എന്നെ പല തരത്തിൽ ഉപദ്രവിക്കുമായിരുന്നു. ഗർഭകാലത്തു ഡംബൽ വച്ച് എന്റെ വയറിനിടിച്ചു. എനിക്കന്ന് 19 വയസ്സേയുള്ളൂ. വേദനിച്ചു കരഞ്ഞപ്പോൾ നേരം വെളുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ബെംഗളൂരുവിലെ തെരുവിലേക്കു വലിച്ചെറിഞ്ഞു. 

ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല. പ്രായമായ മാതാപിതാക്കൾ വന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. അന്നു തിരിച്ചറിഞ്ഞ ചിലതുണ്ട്. സഹായിക്കാൻ ആരെങ്കിലും വരുമെന്നു കരുതി കാത്തിരിക്കരുത്. പ്രതിസന്ധികളിൽ നിലവിളിച്ചിട്ടു കാര്യമില്ല, ഓടി രക്ഷപെടാനും ശ്രമിക്കേണ്ട. അനുഭവങ്ങളെ ധൈര്യമായി നേരിട്ട്, സ്വയം സ്നേഹിച്ചു മുന്നോട്ടു പോകുക. വെളിച്ചം പകരാൻ എന്നെപ്പോലുള്ളവരുണ്ട് എന്നുമോർക്കുക,' കെനീഷ പറഞ്ഞു. 

ഭക്ഷണമാണ് തന്നെ ഹീല്‍ ചെയ്യുന്നതെന്നും കെനീഷ പറഞ്ഞു. സന്തോഷിപ്പിക്കാൻ നല്ല ഭക്ഷണം വാങ്ങിത്തന്നാൽ മതി. അധികം സ്പൈസിയാകുന്നത് ഇഷ്ടമല്ല. കേരളത്തിൽ എന്റെ ഫേവറിറ്റ് കഞ്ഞി, ചമ്മന്തി, മത്തി ഫ്രൈ ഒക്കെയാണ്, കെനീഷയുടെ വാക്കുകള്‍. 

ENGLISH SUMMARY:

Popular singer Kenisha has made shocking revelations about the severe physical and emotional abuse she suffered during her early marriage at the age of 18. In a recent interview, she recounted a horrifying incident where her former husband struck her pregnant stomach with a dumbbell and abandoned her bleeding on the streets of Bengaluru at age 19. She credited her elderly parents for rescuing her and helping her navigate through those traumatic times. Today, she emphasizes self-love, resilience, and finding comfort in simple things like food as she heals from her past.