സൂര്യ നായകനാകുന്ന പുതിയ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' വെള്ളിയാഴ്ച തിയറ്ററുകളിലെത്താനിരിക്കുകയാണ്. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നിര്‍മാതാവ് രവി നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുകയാണ്. തമിഴ് ചലച്ചിത്രമേഖലയിൽ വിജയ്യുടെ ശൂന്യത നികത്താൻ സൂര്യക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസാരിക്കവെ, സൂര്യ നായകനായി എത്തിയ 'കറുപ്പ്' എന്ന സിനിമയുടെ വിജയത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ്നാട്ടിൽനിന്ന് മാത്രം 'കറുപ്പ്' ചിത്രത്തിന് ലഭിച്ച കളക്ഷൻ വിഹിതം ഞെട്ടിക്കുന്നതാണെന്ന് രവി വെളിപ്പെടുത്തി.
'തമിഴ്നാട് ബോക്സോഫീസിൽനിന്നുമാത്രം കറുപ്പ് നേടിയ ഷെയർ 83 കോടി രൂപയാണ്. ഇത് ഞെട്ടിക്കുന്ന കണക്കാണ്. കറുപ്പ് ഒരു വമ്പൻ വിജയമായിരുന്നു. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിൽ ഒരു നല്ല നേതാവിന്റെ കുറവുണ്ടായിരുന്നു. വിജയ് മുഖ്യമന്ത്രിയായതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ വിജയ് അഭിനയം നിർത്തിയതോടെ തമിഴ്സിനിമയുടെ മുൻനിരയിൽ ഒരു ശൂന്യത സൃഷ്ടിച്ചു. ആ വിടവ് നികത്താൻ ഏറ്റവും യോഗ്യൻ സൂര്യയാണ്,' രവി പറഞ്ഞു.
സൂപ്പർഹിറ്റ് ചിത്രം 'ലക്കി ഭാസ്കറി'നു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രമായി എത്തുന്ന ഈ സിനിമയിൽ മമിത ബൈജുവാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ വെങ്കി അറ്റ്‌ലൂരി തന്നെയാണ്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനിശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗവംശിയും സായ് സൗജന്യയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.