മോഹൻലാലിനെക്കുറിച്ച് കലാഭവൻ ഷാജോൺ പങ്കുവെച്ച ഒരു രസകരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സ്റ്റേജ് പരിപാടിക്കിടെ ഉണ്ടായ അപ്രതീക്ഷിത സംഭവമാണ് ഷാജോൺ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
പരിപാടിക്കായി എത്തിയപ്പോൾ സ്വന്തം മേക്കപ്പ് ബാഗ് എടുക്കാൻ മറന്നുപോയെന്നാണ് ഷാജോൺ പറയുന്നത്. എന്നാൽ അൽപസമയത്തിനുശേഷം മോഹൻലാൽ നേരിട്ട് എത്തി സ്വന്തം കൈകൊണ്ട് ഷാജോണിന് മേക്കപ്പ് ചെയ്ത് നൽകിയെന്നാണ് താരം വെളിപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട ചിത്രവും ഷാജോൺ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം, 'ചില മറവികൾ ചിലപ്പോൾ നമുക്ക് ഒരിക്കലും മറക്കാനാകാത്ത ഓർമകൾ സമ്മാനിക്കും' എന്ന കുറിപ്പും അദ്ദേഹം ചേർത്തു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
ചില മറവികൾ ചിലപ്പോൾ......
ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടെന്റെ പേർസണൽ അസിസ്റ്റന്റ്)കാണുന്നത്.. കാര്യം പറഞ്ഞു.. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് ഹെല്പ് ചെയ്യാമോന്ന് ചോദിച്ചു..ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.. ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷെ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു... Thank you so much Lalettaaa ഈ സ്നേഹത്തിന് ...ചേർത്ത് നിർത്തലിന്
ദൈവത്തിന് ഒരുപാട് നന്ദി സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്....ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമ്മകൾ തരും...Thank you Vijeesh for your support and piczz
പോസ്റ്റ് വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. 'ദൃശ്യം' സിനിമയിലെ കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതല്‍ ശ്രദ്ധനേടിയിരിക്കുന്നത്. 'ഇത്രയും സ്നേഹനിധിയായ ജോർജുട്ടിയെ ആണല്ലോ സഹദേവാ നിങ്ങൾ കേറി ചവിട്ടിയത്' എന്നുള്ള കമന്‍റുകളാണ് പ്രേക്ഷര്‍ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിന്റെ ലാളിത്യവും സഹപ്രവർത്തകരോടുള്ള കരുതലും വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നാണ് ആരാധകർ പറയുന്നത്.