ജോലിക്കൊന്നും പോവാൻ വയ്യ തുമ്മലാ...' ഈ വരികൾ മൂളാത്ത, ഈ പാരഡി ഗാനത്തിനൊപ്പം റീൽസ് ചെയ്യാത്ത മലയാളികൾ ഇന്ന് ചുരുക്കമായിരിക്കും. ഷാർജയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കാസർകോട് ബിരിക്കുളം സ്വദേശി പ്രേം ഈ പാരഡി ഗാനം, സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. വെറുമൊരു കളിതമാശയായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പാട്ട്, നിർമിതബുദ്ധിയുടെ സഹായത്തോടെ ലോകമെമ്പാടും പടർന്നുപിടിച്ച് കോടിക്കണക്കിന് ആളുകളുടെ മനസ്സിലാണ് പുഞ്ചിരി വിടർത്തിയത്.
വാദ്യോപകരണങ്ങളുടെയൊന്നും സഹായമില്ലാതെ അനായാസമായി പ്രേം പാടിപ്പോസ്റ്റ് ചെയ്ത 'വച്ചിണ്ടമ്മ' എന്ന തെലുങ്ക് പാട്ടിന്റെ മലയാളം രൂപം, കേവലം നാല് ദിവസം കൊണ്ടാണ് 50 ലക്ഷം കാഴ്ചക്കാരെ നേടിയത്. അസമിൽ നിന്നുള്ള ക്രിയേറ്റർ ബിട്ടുബാബ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് റീമിക്സ് ചെയ്തതോടെ ഗാനം കടൽകടന്ന് ആഗോള തരംഗമായി മാറി. ഒടുവിൽ ശബ്ദത്തിന് പിന്നിലെ ആൾരൂപം മറനീക്കി പുറത്തുവന്നപ്പോൾ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും പ്രേമിന് അഭിനന്ദനങ്ങൾ ഒഴുകിയെത്തി.
ഇന്നസെന്‍റും റിമി ടോമിയും ജഗദീഷുമെല്ലാം മുൻപ് തന്നെ പ്രേമിന്‍റെ വരികളെ പ്രശംസിച്ചിരുന്നു. ഇപ്പോൾ കൊച്ചുകുട്ടികൾ മുതൽ തെലുങ്ക്, തുളു താരങ്ങളും മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരും വരെ പ്രേമിന്റെ വരികൾ ഏറ്റുപാടി റീലുകൾ ചെയ്തു തകർക്കുകയാണ്.
'മിന്നാമിനുങ്ങിന്‍റെ പിന്നിൽ ബൾബ്' തുടങ്ങി പ്രേം എഴുതിയ മറ്റ് വരികളും തൊട്ടുപിന്നാലെ വൈറൽ പട്ടികയിലേക്ക് ഇടംപിടിച്ചു. പാരഡി ഗാനങ്ങൾ മാത്രമല്ല, കവിതകളും സിനിമാ ഗാനങ്ങളുമെല്ലാം പ്രേമിന് ഒരുപോലെ വഴങ്ങും. പ്രേക്ഷകർക്കായി, അണിയറയിൽ ഒരുങ്ങുന്ന തന്‍റെ പുതിയ പാരഡി ഗാനത്തിലെ നാലു വരികൾ പ്രേം പാടി. ചിരിയുടെ പുതിയ ഈരടികളുമായി പ്രേം മുന്നേറുമ്പോൾ, കാതോർത്ത് നിൽക്കുകയാണ് സോഷ്യൽ മീഡിയ ലോകം.