അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്‍റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഭാര്യ രഹ്ന. ആഗസ്റ്റ് 10ന് നവാസിന്റെ ജന്മദിനം ഓർമിപ്പിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ആരാധകരുടെയും പ്രേക്ഷകരുടെയും കണ്ണ് നനയിക്കുന്നത്. ‘ഇന്ന് ആഗസ്റ്റ് 10. നവാസ്‌ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവിൽ സുബർക്കത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും.
ഇതിനേക്കാൾ മനോഹരമായി ഞങ്ങൾ അവിടെ ജീവിക്കും’ നവാസ് മനോഹരമായി ഗാനം ആലപിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം ഇരുവരും ഒരുമിച്ചുള്ള സന്തോഷനിമിഷങ്ങളും ചേർത്താണ് രഹ്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘താരകരൂപിണി നീയെന്നും എന്‍റെ ഏകാന്ത രോമാഞ്ചമായിരിക്കും’ എന്ന ഗാനം നവാസ് ആലപിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 2002ലായിരുന്നു നവാസിന്റെയും രഹ്നയുടെയും വിവാഹം. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത രഹ്ന, വർഷങ്ങൾക്കുശേഷം ‘ഇഴ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയിരുന്നു. ചിത്രത്തിൽ നവാസിന്റെ നായികയായാണ് രഹ്ന അഭിനയിച്ചത്. കരിയറിൽ സജീവമായി തുടരുന്നതിനിടെയാണ് നവാസിന്റെ അപ്രതീക്ഷിത മരണം. ‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ചോറ്റാനിക്കരയിലെത്തിയതായിരുന്നു അദ്ദേഹം.
അടുത്ത രണ്ട് ദിവസങ്ങളിൽ ചിത്രീകരണം ഇല്ലാതിരുന്നതിനാൽ വീട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ച് ഹോട്ടൽ മുറിയിലേയ്ക്ക് തിരിച്ചെത്തിയ നവാസിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ മുറിയിലെത്തിയപ്പോഴാണ് വീണുകിടക്കുന്ന നവാസിനെ കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പ്രശസ്ത നടൻ അബൂബക്കറിന്റെ മകനായ നവാസ്, ടെലിവിഷൻ-സിനിമാ താരം നിയാസ് ബക്കറിന്റെ സഹോദരനുമാണ്.
1995ൽ പുറത്തിറങ്ങിയ ‘ചൈതന്യം’ ആയിരുന്നു നവാസിന്റെ ആദ്യ സിനിമ. തുടർന്ന് ‘മാട്ടുപ്പെട്ടി മച്ചുൻ’, ‘തില്ലാന തില്ലാന’, ‘മായാജാലം’, ‘ജൂനിയർ മാൻഡ്രേക്ക്’, ‘കസബ’, ‘മൈ ഡിയർ കരടി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. മിമിക്രിയിലൂടെയും അഭിനയത്തിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നവാസിന്‍റെ ഓർമകൾക്ക് മുന്നിൽ, ജന്മദിനത്തിൽ രഹ്ന പങ്കുവെച്ച വാക്കുകൾ വീണ്ടും അദ്ദേഹത്തെ സ്നേഹിച്ചിരുന്നവരുടെ മനസിൽ നൊമ്പരമായി മാറുകയാണ്.