ബോളിവുഡിലെ സീനിയര്‍ താരം മിഥുൻ ചക്രവർത്തിയെ കല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയൊരു ശസ്ത്രക്രീയക്കു താരം വിധേയനായെന്നും ആരോഗ്യ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടതായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഫേസ്ബുക്കിലൂടെ അറിയിച്ചു. മിഥുൻ ചക്രവർത്തിയെ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
'ചലച്ചിത്ര നടനും ബിജെപി കേന്ദ്ര കമ്മിറ്റി അംഗവുമായ മിഥുൻ ചക്രവർത്തിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പോയി കാണുകയും ശാരീരികാവസ്ഥയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് കരുണാമയനായ ദൈവത്തോട് പ്രാർഥിക്കുന്നു', എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
വ്യാഴാഴ്ച മിഥുന്‍ ചക്രവർത്തിയെ ഒരു ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും, നടൻ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും സുവേന്ദു അധികാരി മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. 'രാഷ്ട്രീയ ജീവിതത്തിനപ്പുറമാണ് അദ്ദേഹത്തിന്‍റെ വ്യക്തിത്വം. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാരിന് തുടക്കം കുറിക്കുന്നതിന് അദ്ദേഹത്തിന്‍റെ സംഭാവന വളരെ വലുതാണ്. മിഥുന്‍ ചക്രവര്‍ത്തി പെട്ടെന്നു തന്നെ സുഖം പ്രാപിക്കും' എന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.
ബോളിവുഡില്‍ ഒരു കാലത്ത് സൂപ്പര്‍താരമായിരുന്ന മിഥുന്‍ ചക്രവര്‍ത്തി കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 2021 ല്‍ ബിജെപിയിലേക്കെത്തി. 2024 ല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയും പക്ഷാഘാതം സ്ഥിരികരിക്കുകയും ചെയ്തു. അതെല്ലാം അതിജീവിച്ചെത്തിയ താരം രാഷ്ട്രീയത്തിലും സിനിമയിലും വീണ്ടും സജീവമായിരുന്നു. പ്രഭാസിനൊപ്പം ഫൗസി, സണ്ണി ഡിയോളിനൊപ്പം ബട്വവാ 1947, രജനികാന്തിന്‍റെ ജയിലര്‍ – 2 എന്നീ ചിത്രങ്ങളിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവിലായി അഭിനയിച്ചത്.