വിസ്മയ മോഹന്‍ലാലിനെ പ്രശംസിച്ച് നടി മാലാ പാര്‍വതി. ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിക്കുകയും വിമര്‍ശനങ്ങളുയര്‍ന്നിട്ടും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത നിലപാടിനെയാണ് മാല പാര്‍വതി പ്രശംസിച്ചത്. വിസ്മയയുടെ പുതിയ ചിത്രമായ തുടക്കത്തിന് ആശംസ അറിയിച്ചുകൊണ്ടാണ് മാല കുറിപ്പ് പങ്കുവച്ചത്. 

‘പ്രിയപ്പെട്ട വിസ്മയയ്ക്ക്, ‘തുടക്ക’ത്തിന് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ! നിന്‍റെ ശാന്തമായ കരുത്തും, ലാളിത്യവും, സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും തികച്ചും പ്രശംസനീയമാണ്. മുന്നോട്ടുള്ള യാത്രയിൽ ഇവ എപ്പോഴും നിനക്ക് വഴിവിളക്കാവട്ടെ. സിനിമാലോകത്തെ നിന്‍റെ യാത്ര അർഥവത്തായ കഥാപാത്രങ്ങളും, നല്ല മനുഷ്യരും, നീ അർഹിക്കുന്ന എല്ലാ വിജയങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദൈവം നിനക്കായി ശരിയായ വഴികൾ തുറന്നുതരട്ടെ, ഓരോ കാലടിവെപ്പിലും നിന്നെ കാത്തുസൂക്ഷിക്കുകയും, ദീർഘവും സംതൃപ്തവും മനോഹരവുമായ ഒരു ചലച്ചിത്രജീവിതം പ്രധാനം ചെയ്യുകയും ചെയ്യട്ടെ. എല്ലാറ്റിനുമുപരി, നീ എപ്പോഴും നിന്‍റെ യഥാർഥ വ്യക്തിത്വം കാത്തുസൂക്ഷിക്കട്ടെ, അതാണ് ഏറ്റവും വലിയ അനുഗ്രഹം. എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും ഹൃദയം നിറഞ്ഞ അനുഗ്രഹങ്ങളോടും കൂടി, മാലാ പാർവതി,' എന്നാണ് സോഷ്യല്‍ മീഡിയ കുറിപ്പ്.  

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചതിന് പിന്നാലെ വിസ്മയ രാഷ്ട്രീയമായ അറിവില്ലാതെയാണ് അഭിപ്രായം പറഞ്ഞതെന്ന് മേജര്‍ രവി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനിന്ന വിസ്മയ ജനാധിപത്യ രാജ്യത്തിൽ ചോദ്യം ചെയ്യാനും ശബ്ദമുയർത്താനും അവകാശമുണ്ടെന്നും നാളെ ഏത് പാർട്ടി അധികാരത്തിൽ വന്നാലും ഇത്തരം നടപടികളോട് തന്‍റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Actress Mala Parvathy praised Vismaya Mohanlal for her steadfast stance and support for student protests despite facing criticism. Sharing a heartfelt note wishing Vismaya success on her upcoming film project "Thudakkam", Parvathy commended her quiet strength, simplicity, and courage. The appreciation comes in the wake of filmmaker Major Ravi criticizing Vismaya for commenting without political awareness, a critique she firmly countered by asserting her democratic right to raise her voice. Parvathy's encouraging message blessed Vismaya with meaningful cinematic roles, success, and the wish that she always preserves her authentic personality.