മോഹൻലാലിന്റെ മകൾ എന്ന മേൽവിലാസം എപ്പോഴും കൂടെയുണ്ടെങ്കിലും അതൊരു ഭാരമായി ഒരിക്കലും തോന്നിയിട്ടില്ലെന്ന് വിസ്മയ മോഹന്‍ലാല്‍. ഗലാട്ടപ്ലസിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പര്‍താരവും അച്ഛനുമായ മോഹൻലാലിനെക്കുറിച്ചും കുട്ടിക്കാലത്തെ ഓർമകളെക്കുറിച്ചും വിസ്മയ മനസുതുറന്നു. തന്‍റെ അച്ഛൻ എല്ലാവർക്കും പ്രിയപ്പെട്ട ഒരു വലിയ താരമാണ് എന്ന തിരിച്ചറിവ് തനിക്ക് പ്രത്യേകമായി ഉണ്ടായിട്ടില്ലെന്ന് വിസ്മയ പറയുന്നു. ജനിച്ചതുമുതൽ ആ അന്തരീക്ഷത്തിൽ വളർന്നതുകൊണ്ട് അതൊരു സ്വാഭാവിക കാര്യമായി മാത്രമാണ് തോന്നിയിട്ടുള്ളതെന്നും വിസ്മയ കൂട്ടിച്ചേര്‍ത്തു.
ഊട്ടിയിലെ ഇന്റർനാഷണൽ സ്കൂളിലായിരുന്നു വിസ്മയ പഠിച്ചത്. അതുകൊണ്ടുതന്നെ തന്‍റെ സഹപാഠികൾക്ക് മോഹന്‍ലാലിന്‍റെ സ്റ്റാർഡത്തെക്കുറിച്ച് വലിയ ധാരണയില്ലാത്തതിനാൽ ഒരു സാധാരണ വിദ്യാർത്ഥിയായി തന്നെയാണ് അവിടെ കഴിഞ്ഞതെന്ന് വിസ്മയ വ്യക്തമാക്കി. എന്നാൽ സ്കൂളിലെ സ്റ്റാഫും അധ്യാപകരും അച്ഛന്റെ വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നുവെന്നും വിസ്മയ പറഞ്ഞു.
അഭിമുഖത്തിനിടെ സ്ക്കൂളില്‍ സംഭവിച്ച രസകരമായ അനുഭവത്തെ കുറിച്ചും വിസ്മയ സംസാരിച്ചു. 'സ്കൂളിൽ വീക്കെന്‍ഡില്‍ സിനിമകൾ കാണിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു ദിവസം ടിവിയിൽ അച്ഛൻ അഭിനയിച്ചൊരു സിനിമ വന്നു. അപ്പോള്‍ കൂടെയുള്ള കൂട്ടുകാരെല്ലാം 'മായയുടെ അച്ഛൻ' എന്ന് പറഞ്ഞ് ആർത്തുവിളിച്ചു. എല്ലാവരും എന്നെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടതോടെ ആകെ ചമ്മലായി. ആ ചാനല്‍ മാറ്റാന്‍ പറഞ്ഞു'. ജീവിതത്തില്‍ ആദ്യമായും അവസാനമായുമാണ് അച്ഛന്‍റെ സിനിമ മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും അത് സിനിമ മോശമായതിനാല്‍ അല്ലെന്നും എല്ലാവരും കൂടി നോക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ ചമ്മലില്‍ നിന്നാണെന്നും വിസ്മയ വെളിപ്പെടുത്തി.
മോഹന്‍ലാല്‍ അഭിനയിച്ച സിനിമകൾ കാണുമ്പോൾ ചെറുപ്പത്തില്‍ തന്നെ കഥാപാത്രവും അച്ഛനും തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കാറുണ്ടെന്നും വിസ്മയ കൂട്ടിച്ചേര്‍ത്തു. എങ്കിലും അച്ഛന്റെ വികാരഭരിതമായ സങ്കട രംഗങ്ങളുള്ള സിനിമകൾ കാണുമ്പോൾ കൂടുതൽ വിഷമം തോന്നാറുണ്ടെന്നും താരം പറയുന്നു. 'തുടക്കം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് വിസ്മയ. ഈ മാസം ഏഴാം തിയതി ചിത്രം തിയറ്ററുകളിലെത്തും.