മലയാളത്തിന്‍റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ നിന്നും 100 കോടി ക്ലബ് സ്വന്തമാക്കിയ ചിത്രമാണ് ലക്കി ഭാസ്കര്‍. 2024 ല്‍ സൂപ്പര്‍ ഹിറ്റ് വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍ വെങ്കി അറ്റ്ലൂരി. തെലുങ്കില്‍ തന്‍റേതായ സ്റ്റാര്‍ഡം വളര്‍ത്തിയെടുത്ത ദുല്‍ഖറിന്‍റെ കരിയറിലെ ശ്രദ്ധേയ സിനിമയാണ് ലക്കി ഭാസ്കര്‍. ചിത്രത്തിന്‍റെ രണ്ടാം ഭാഗം വലിയ ഉത്തരവാദിത്വമാണെന്ന് പറയുകയാണ് സംവിധായകന്‍ വെങ്കി അറ്റലൂരി.
സീതാരാമത്തിന്‍റെ വലിയ വിജയത്തിനു ശേഷം ദുല്‍ഖര്‍ ടൈറ്റില്‍ റോളിലെത്തിയ തെലുങ്ക് ചിത്രം, 1992-ല്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സാമ്പത്തിക തട്ടിപ്പുകളിൽ ഏർപ്പെടുന്ന മധ്യവർഗ ബാങ്ക് ഉദ്യോഗസ്ഥന്‍ ഭാസ്കറിനെ, ദുല്‍ഖര്‍ അവതരിപ്പിച്ച ചിത്രം സാമ്പത്തിക വിജയത്തിനൊപ്പം മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. റിലീസിനൊരുങ്ങുന്ന 'വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്' എന്ന തന്‍റെ പുതിയ സിനിമയുടെ പ്രമോഷന്‍ സമയത്താണ് ലക്കി ഭാസ്കര്‍– 2 രണ്ടു വര്‍ഷത്തിനു ശേഷമുണ്ടാകുമെന്ന് സംവിധായകന്‍റെ വെളിപ്പെടുത്തിയത്.
'ലക്കി ഭാസ്കര്‍ സീക്വലിന് എനിക്ക് ഇനിയും രണ്ട് വർഷങ്ങൾ കൂടി വേണം. കാരണം, രണ്ട് കമ്മിറ്റുകൾ കൂടി പൂർത്തിയാക്കാനുണ്ട്. ലക്കി ഭാസ്‌കർ –2 വലിയ ഉത്തരവാദിത്തമാണ്. അത് പല തരത്തിൽ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ, രണ്ട് വർഷത്തിനുള്ളിൽ തുടർഭാഗത്തിനായി ഞാൻ എഴുത്ത് ആരംഭിക്കും', വെങ്കി അറ്റ്‌ലൂരി ഒരു അഭിമുഖത്തിൽ പറഞ്ഞു. കുട്ടികളെക്കുറിച്ചുള്ള സിനിമകള്‍ ഇന്നുണ്ടാകുന്നില്ലെന്നും കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമ ഒരുക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും വെങ്കി അറ്റ്ലൂരി കൂട്ടിച്ചേര്‍ത്തു.
ലക്കി ഭാസ്കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ഇത്തവണത്തെ ദേശിയ പുരസ്കാരവും നേടിയതിനു ശേഷമാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സംവിധായകന്‍ വെളിപ്പെടുത്തുന്നത്. ദുല്‍ഖറിന് നായികയായി മീനാക്ഷി ചൗധരി എത്തിയ ചിത്രത്തില്‍ ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി താരങ്ങളും അണിനിരന്നിരുന്നു. കേരളത്തില്‍ നിന്നുമാത്രം 20 കോടിയിലധികമാണ് ചിത്രം കളക്ട് ചെയ്തത്.
തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രവുമായാണ് വെങ്കി അറ്റ്ലൂരി ഇനി എത്തുന്നത്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം ഓഗസ്റ്റ് 14 ന് തിയറ്ററിലെത്തും. 40 വയസുകാരനായ അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടര്‍ സഞ്ജയ് വിശ്വനാഥായാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. സഞ്ജയിന്‍റെ ജീവിതത്തിലേക്ക് മമിത അവതരിപ്പിക്കുന്ന 20 കാരിയായ പെണ്‍കുട്ടി മാഡി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുമാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്.
തോളി പ്രേമ, മിസ്റ്റര്‍ മഞ്ജു, രംഗ് ദേ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വെങ്കി അറ്റ്ലൂരി, ധനുഷിനെ നായകനാക്കി വാത്തി എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിശ്വനാഥ് ആന്‍ഡ് സണ്‍സ് സംവിധായകന്‍റെ രണ്ടാമത്തെ തമിഴ് ചിത്രമാണ്.